Published:30 November 2022
ഗുരുവായൂര്‍: ലോകകപ്പിലെ നിർണായക മത്സരത്തിൽ അർജന്റീന പോളണ്ട് മത്സരത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലയണൽ മെസിക്കായി ആരാധകൻ്റെ പാൽ പായസം വഴിപാട്. മുന്‍ കൗണ്‍സിലറും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് യൂനിറ്റ് പ്രസിഡന്റുമായ ഒ.കെ.ആര്. മണികണ്ഠനാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 500 രൂപയ്ക്ക് പാല്പായസ വഴിപാട് നടത്തിയത്.
മുന്‍ മത്സരങ്ങളില്‍ വഴിപാടുകള്‍ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിര്‍ണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠന് പറഞ്ഞു. സി ഗ്രൂപ്പിൽ ഒരു തോൽവിയും ഒരു ജയവുമായി മൂന്ന് പോയിന്റ് നേടിയ അർജന്റീന ഇപ്പോൾ സൗദി അറേബ്യയ്ക്കൊപ്പം നിൽക്കുമ്പോൾ, ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റ് നേടിയ പോളണ്ടാണ് ഒന്നാമത്. ഇന്നു ജയിച്ചാൽ മറ്റു കണക്കും കാര്യങ്ങളുമൊന്നും നോക്കാതെ അവർക്ക് പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാം. ഫലം മറിച്ചായാൽ അർജന്റീനയ്ക്ക് നാട്ടിലേക്ക് വണ്ടി കയറാം.
ഗ്രൂപ്പ് ചാംപ്യൻമാരായി മുന്നേറാൻ സാധിക്കുന്നില്ലെങ്കിൽ പ്രീ ക്വാർട്ടറിൽ കടുപ്പമേറും. കഴിഞ്ഞ 13 ലോകകപ്പ് ടൂർണമെന്റിൽ 12ലും നോക്കൗട്ട് റൗണ്ടിലെത്തിയ അർജന്റീന റഷ്യൻ ലോകകപ്പിൽ യൂറോപ്യൻ ടീമുകളോടാണു തോൽവി വഴങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് 0-3, പിന്നാലെ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് 3-4നും തോറ്റു.