Published:01 December 2022
അൽഫോൺസ് പുത്രന് മാത്രം ചെയ്യാൻ സാധിക്കുന്ന എഡിറ്റിങ്ങിലെ ഒരു മാജിക്കുണ്ട് അതാണ് ഗോൾഡ്... അല്ലെങ്കിൽ അത് മാത്രമാണ് ഗോൾഡ്. ഏഴ് വർഷത്തിന് ശേഷം അഭ്രപാളിയിൽ എത്തിയ ഒരു അൽഫോൻസ് പുത്രൻ ചിത്രം. യാതൊരുവിധ പ്രൊമോഷനുകളൊന്നുമില്ലാതെയാണ് ചിത്രം എത്തിയത്. മലയാളികളുടെ യൂത്ത് ഐക്കൺ പൃഥ്വിരാജും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒരുമിച്ചെത്തുന്ന ചിത്രം അനൗൺസ് ചെയ്തിട്ട് ഏറെനാളായി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതുപോലെ തന്നെ തടഞ്ഞുനിർത്തിയ പൊലീസുകാർക്ക് ഗോൾഡ് എന്ന് വരുമെന്ന് അറിഞ്ഞാൽ മതി. അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിന് ശേഷം തിയറ്ററിൽ എത്തിയ നേരവും പ്രേമവും പോലെതന്നെ എഡിറ്റിങ്ങിലൂടെയാണ് കഥ പറയുന്നത്.
ഗോൾഡിന്റെ ടൈറ്റിലിൽ എഴുതി കാണിക്കുന്നത് മുതൽ ആദ്യത്തെ സീനുകൾക്ക് പോലും ഒരു പ്രേമം ടച്ചുണ്ട്. അങ്ങനെ ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൽ മൊബൈൽ ഷോറൂം നടത്തുന്ന ജോഷിയുടെ (പൃഥ്വിരാജ്) വീട്ടുമുറ്റത്ത് ആരോ ഒരു ബൊലേറോ പാർക്ക് ചെയ്തിരിക്കുന്നു. ഉടമസ്ഥൻ ആരെന്ന് ഒരു പിടിയുമില്ല. പൊലീസിൽ പരാതികൊടുത്ത് അവരുടെ തീരുമാനത്തിന് കാത്തുനിൽക്കുന്ന ജോഷിക്ക് ബൊലേറോയിൽ അടുക്കിവച്ചിരിക്കുന്ന പെട്ടികൾക്കുള്ളിൽ നിന്ന് അപ്രതീക്ഷിതമായി കാണുന്നു. പിന്നീട് അത് തേടിവരുന്ന ഗൂണ്ടകളും. അത് അവിടെ കൊണ്ട് വന്നത് എന്തിന് വേണ്ടിയാണെന്നതുമൊക്കെ പതിവുപോലുള്ള അൽഫോൺസ് തമാശകളും ചേർത്ത് പറഞ്ഞിരിക്കുകയാണ്. ഒടുവിൽ ഒരു മാരക മെസേജ് തന്ന് സിനിമ അവസാനിക്കുന്നു.
ജോഷിയായി എത്തിയിരിക്കുന്ന പൃഥ്വിരാജിന്റെ എനർജി തന്നെയാണ് ചിത്രത്തിൽ എടുത്ത് പറയേണ്ടത്. ഒപ്പം കഴിഞ്ഞ ദിവസം കടുവയുടെ 50ാം ദിവസം ആഘോഷിക്കാൻ എത്തിയ ലുക്കും. പിന്നെ ജോഷിയുടെ നായികയായെത്തിയ സുമഗല (നയൻതാര). ഇവർക്ക് രണ്ടുപേർക്കും ഒരുമിച്ച് ഡേറ്റ് കിട്ടിയില്ലാത്തതാണോ, അല്ലെങ്കിൽ അൽഫോൺപുത്രൻ ബ്രില്ല്യൻസാണോ എന്നറിയില്ല ഒരുകോമ്പിനേഷൻ സീൻ പോലുമില്ല. പോരാത്തതിന് നയൻസിന് സിനിമയിലുടനീളം സീനുകളുടെ എണ്ണം തന്നെ വളരെ കുറവാണ്.
ഇവരെ കൂടാതെ അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു, സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ കൃത്യമായി സ്പേസ് നൽകാൻ അൽഫോണിസ് സാധിച്ചിട്ടില്ല. എന്നാൽ ഓരോ സീനിലും മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിർമിച്ചിരിക്കുന്നത്. അൽഫോൻസ് പുത്രൻ ചിത്രങ്ങളിൽ ഏറ്റവും മുകളിൽ നിൽക്കുന്നത് എഡിറ്റിങ്ങ് തന്നെയാണെന്നതിൽ തർക്കമില്ല. തുടക്കം മുതൽ എഡിറ്റിങ്ങിലൂടെ കഥ പറയുകയാണ് സിനിമ. നേരവും പ്രേമവും പോലെ തന്നെ ബിജിഎമ്മും പാട്ടുകളും തന്നെയാണ് മറ്റൊരു ഹൈലൈറ്റ്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേശനാണ് സംഗീതം ഒരുക്കുന്നത്. തിരക്കഥയ്ക്ക് പിന്നിലും അല്‍ഫോണ്‍സ് പുത്രന് തന്നെയാണ്.