Published:05 December 2022
ഇന്‍ഡക്സുകളിലെ റെക്കോഡ് പ്രകടനം മുന്‍നിര രണ്ടാംനിര ഓഹരി വിലകളിലും ശ്രദ്ധേയമായ മുന്നേറ്റത്തിന് വഴിതെളിച്ചു. സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 63,500 പോയിന്റും നിഫ്റ്റി 18,800 പോയിന്റിനും മുകളില്‍ ഇടപാടുകള്‍ നടന്നു. രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളും ഓഹരികള്‍ക്കായി മത്സരിച്ചത് പ്രാദേശിക ഇടപാടുകാരെയും ആവേശം കൊള്ളിച്ചു.
നവംബറില്‍ നാല് ബില്യൺ ഡോളര്‍ നിക്ഷേപത്തിന് വിദേശ ഓപ്പറേറ്റര്‍മാര്‍ കാണിച്ച ഉത്സാഹം വിനിമയ വിപണിയില്‍ രൂപയ്ക്കും തിളക്കം പകര്‍ന്നു. എട്ട് ദിവസങ്ങളിലെ തുടര്‍ച്ചയായ കുതിപ്പ് ബുള്‍ ഇടപാടുകാരെ വാരാന്ത്യം പ്രോഫിറ്റ് ബുക്കിങ്ങിന് രംഗത്തിറക്കി. വിദേശ ഓപ്പറേറ്റര്‍മാര്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ച് 11,403 കോടി രൂപയുടെ നിക്ഷേപം പിന്നിട്ട വാരം നടത്തി. വ്യാഴാഴ്ച്ച ഒറ്റ ദിവസം അവര്‍ നിക്ഷേപിച്ചത് 9010 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകള്‍ 3462 കോടി രൂപയുടെ വാങ്ങി, ഇതിനിടയില്‍ അവര്‍ 4800 കോടി രൂപയുടെ വില്‍പ്പനയ്ക്കും മറന്നില്ല.
ധനകാര്യ സ്ഥാപനങ്ങള്‍ മുന്‍നിര ഓഹരികള്‍ കൈപിടിയില്‍ ഒതുക്കാന്‍ മത്സരിച്ചതോടെ സെന്‍സെക്സ് 62,293 പോയിന്റില്‍ നിന്നും കഴിഞ്ഞവാരം സൂചിപ്പിച്ച 62,800ലെ പ്രതിരോധം തകര്‍ത്തതിനൊപ്പം ഡിസംബര്‍ ആദ്യം 63,300 റേഞ്ചിലേക്ക് പ്രവേശിക്കുമെന്ന വിലയിരുത്തല്‍ ശരിവെച്ച് കൊണ്ട് സര്‍വകാല റെക്കോഡായ 63,583 വരെ ഉയര്‍ന്നു. വാരാന്ത്യത്തിലെ ലാഭമെടുപ്പില്‍ അല്‍പ്പം തളര്‍ന്ന് 62,868ല്‍ നിലകൊള്ളുന്ന സൂചിക പുതിയ ഉയരങ്ങളിലേക്ക് ചുവടുവെക്കാനുള്ള കരുത്ത് സ്വരൂപിക്കുകയാണ്. സെന്‍സെക്സ് 574 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. 62,023ലെ ആദ്യതാങ്ങ് ഈ വാരം കാത്ത് സൂക്ഷിച്ചാല്‍ 63,647ലേക്കും തുടര്‍ന്ന് 64,400ലേക്കും സഞ്ചരിക്കാം.
നിഫ്റ്റി സൂചിക പോയവാരം183 പോയിന്റ് വർധിച്ചു. 18,512 നിന്നും ഓപ്പണിങ് വേളയില്‍ 18,365ലേക്ക് ഇടിഞ്ഞ അവസരത്തില്‍ ബുള്‍ ഇടപാടുകാര്‍ പുതിയ ബയ്യിങിന് കാണിച്ച താത്പര്യം നിഫ്റ്റിയെ 18,604ലെ നിര്‍ണായക തടസം ഭേദിച്ച് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 18,888 വരെയെത്തിച്ചു. മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 18,696ലാണ്.
ഉയര്‍ന്ന റേഞ്ചില്‍ വീണ്ടും ലാഭമെടുപ്പിന് ഇടയുള്ളതിനാല്‍ 18,500 റേഞ്ചിലെ താങ്ങില്‍ പിടിച്ചുനില്ക്കാന് ശ്രമിക്കാം. ഈ നീക്കം വിജയിക്കാതെ വന്നാല്‍ വിപണി അതിന്റെ 21 ദിവസങ്ങളിലെ ശരാശരിയായ 18,373 പോയിന്റില്‍ സപ്പോര്‍ട്ടില്‍ ശക്തിപരീക്ഷണം നടത്താം. മുന്നേറിയാല്‍ 18,934 പോയിന്റില്‍ ആദ്യപ്രതിരോധം ഉടലെടുക്കുമെങ്കിലും ഇത് മറികടന്നാല്‍ 19,457 പോയിന്റിനെ വര്‍ഷാന്ത്യം സൂചിക ഉറ്റുനോക്കാം.
ടാറ്റാ സ്റ്റീല്‍ ഓഹരി വില ആറ് ശതമാനം ഉയര്‍ന്ന് 112 രൂപയിലെത്തി. ആര്‍ഐഎല്‍ അഞ്ച് ശതമാനം നേട്ടവുമായി 2722 രൂപയായി. ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ, എയര്‍ടെല്‍, വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി, ഐടിസി ഓഹരി വിലകള്‍ താഴ്ന്നു.
ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. വാരത്തിന്റെ തുടക്കത്തില്‍ 81.62ല്‍ നിലകൊണ്ട രൂപയുടെ മൂല്യം പിന്നീട് 80.97ലേക്ക് കരുത്ത് നേടിയെങ്കിലും വാരാന്ത്യം രൂപ 81.42ലാണ്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ 74 ഡോളറില്‍ നിന്നും 83ലേക്ക് ഉയര്‍ന്നെങ്കിലും ക്ലോസിങില്‍ 80 ഡോളറിലാണ്. ഇതിനിടയില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം വരുത്താന്‍ യൂറോപ്യന്‍ യൂണിയന് നീക്കം തുടങ്ങി. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന മോസ്ക്കോയുടെ പ്രതികരണം ഒപെക്കില്‍ ആശങ്ക ജനിപ്പിച്ചു. ഇന്ത്യയും ചൈനയും പിന്നിട്ട എട്ട് മാസമായി റഷ്യന്‍ എണ്ണയാണ് മുഖ്യമായും ഇറക്കുമതി നടത്തുന്നത്. റഷ്യയെ സമ്മര്‍ദത്തിലാക്കിയാല്‍ ഏഷ്യന്‍ ശക്തികള്‍ തങ്ങളുടെ താവളത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിലാണ് ഒപെക്ക്.