Published:05 December 2022
സഞ്ജു സാംസണെ കളിപ്പിക്കാത്ത ഇന്ത്യൻ ടീം തോറ്റു പോകണേ എന്നു പറയുന്ന മലയാളികളെപ്പോലെ ചില അർജന്റീനക്കാരുടെ ട്വീറ്റുകൾ കണ്ടുതുടങ്ങി, ഡിബാലയെ കളിപ്പിക്കാത്ത അർജന്റീന തോറ്റു കണ്ടാൽ മതിയെന്ന്! പ്രതിഷേധം ന്യായമാണ്. പ്രീ ക്വാർട്ടറിൽ ഏഞ്ജൽ ഡി മരിയ ഫസ്റ്റ് ഇലവനിലുണ്ടാവില്ലെന്നറിഞ്ഞപ്പോൾ പലരും പകരം പ്രതീക്ഷിച്ചത് പൗലോ ഡിബാലയെയാണ്. പക്ഷേ, കളിച്ചത് പാപ്പു ഗോമസ്. കാലിൽ തടയുന്ന പന്തുകൊണ്ട് ഇനിയെന്തുചെയ്യണമെന്നറിയാതെ പലപ്പോഴും അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു പാവം പാപ്പു. സ്കലോണി ഇടയ്ക്കുവച്ചയാളെ വിങ് മാറ്റി കളിപ്പിച്ചപ്പോൾ ജൂലിയൻ അൽവാരസിന്റെ കൂടി താളം തെറ്റിയെന്നല്ലാതെ ഗുണമൊന്നുമുണ്ടായില്ല.
ഒടുവിലതാ സബ്സ്റ്റിറ്റ്യൂഷന്റെ മണം, പുറത്തേക്കു പോകാൻ തയാറെടുക്കുന്ന പാപ്പുവിന്റെയും സൈഡ് ലൈനിനു പുറത്ത് വാമപ്പ് ചെയ്യുന്ന ഡിബാലയുടെ വിഷ്വലുകൾ ടിവി സ്ക്രീനിൽ മാറിമാറി തെളിയുന്നു... പക്ഷേ, സ്ട്രൈക്കറായി കളിച്ച പാപ്പുവിനു പകരം വന്നത് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസ്! അർജന്റീനക്കാരുടെ ചോദ്യം ഉത്തരമില്ലാതെ ശേഷിച്ചു, എവിടെ ഡിബാല?
ഇറ്റാലിയൻ ലീഗിൽ എഎസ് റോമയ്ക്കു വേണ്ടി കളിക്കുന്നതിനിടെ പരുക്കേറ്റ ഡിബാല ഈ ലോകകപ്പ് അപ്പാടെ നഷ്ടപ്പെടുമെന്ന ആശങ്കയിലിരിക്കുമ്പോഴാണ്, പരുക്ക് ഭേദമാകാതെ തന്നെ ലയണൽ സ്കലോണി അയാളെ ടീമിൽ ഉൾപ്പെടുത്തുന്നത്. ആ പരുക്കിന്റെ പേരിൽ ആരാധകർ ഇതുവരെ കാത്തിരുന്നു. പക്ഷേ, 21-ാം നമ്പർ ജെഴ്സി മാത്രം ഇതുവരെ കളത്തിൽ കണ്ടില്ല.
ഡിബാല എന്തുകൊണ്ട് കളിക്കുന്നില്ല എന്ന ചോദ്യം പുതിയതല്ല. സ്കലോണിക്കു മുൻപ് ജെറാർഡോ മാർട്ടിനോയും അയാളെ പുറത്തു നിർത്തിയിട്ടുണ്ട്. അന്നൊക്കെ പറഞ്ഞു കേട്ട കാരണം അയാളുടെ കേളീശൈലിക്ക് ലയണൽ മെസിയുടെ ശൈലിയുമായുള്ള സാമ്യമാണ്. ഫോൾസ് 9 ആയാലും വിങ്ങർ ആയാലും അറ്റാക്കിങ് മിഡ്ഫീൽഡറായാലും മെസിയുള്ളപ്പോൾ ഡിബാലയുടെ ആവശ്യമുണ്ടായിരുന്നില്ല.
പക്ഷേ, മെസിയെപ്പോലെ ഇടങ്കാലിന്റെ മാസ്മരികതയെ ആശ്രയിക്കുന്ന ഡിബാല അവിടെനിന്ന് ഒരുപാട് മുന്നോട്ടു പോന്നു. യുവന്റസിലെ നിരാശാജനകമായ സീസണിനു ശേഷം റോമയിൽ ഗോളുകൾ അടിച്ചുകൂട്ടി. ആരാധകർ അയാൾക്ക് "ലാ ജോയ' (അമൂല്യ രത്നം) എന്ന് ഓമനപ്പേരിട്ടു. അപ്പോഴും മാറിമാറി വന്ന അർജന്റൈൻ പരിശീലകരുടെ പദ്ധതികളിൽ ഡിബാല ഉൾപ്പെട്ടില്ല. അർജന്റീന ജേതാക്കളായ കോപ്പ അമെരിക്കയിലും കളിപ്പിച്ചില്ല.
അടുത്ത സുഹൃത്തുക്കളാണെങ്കിലും മെസിക്കും ഡിബാലയ്ക്കും തമ്മിൽ കളിക്കളത്തിൽ ഒത്തിണക്കമില്ലെന്നതാണ് ഇതിനൊരു കാരണമായി പരിശീലകർ പറയുന്നത്. ""അവർക്ക് ഒരുമിച്ചു കളിക്കാൻ കഴിയും, പക്ഷേ, അതിനു കുറച്ചു തയാറെടുപ്പുകൾ ആവശ്യമുണ്ട്'', സ്കലോണി ഒരിക്കൽ പറഞ്ഞു. ആ തയാറെടുപ്പുകൾ പൂർത്തീകരണത്തിലേക്ക് അടുക്കുന്നുണ്ടെന്നാണ് വാമപ്പുകൾ നൽകുന്ന സൂചന.കുപ്രസിദ്ധമായ ഒഴിവാക്കലുകൾ പുതുമയല്ല അർജന്റൈൻ ഫുട്ബോളിൽ. ഹാവിയർ സാവിയോള മുതൽ യുവാൻ റോമൻ റിക്വൽമിയും കാർലോസ് ടെവസും വരെയുണ്ട് ആ പട്ടികയിൽ. രണ്ടു സീസണുകളിൽ സീരി എ ടോപ് സ്കോററായ മൗറോ ഇകാർഡിയെ ഒഴിവാക്കിയാണ് അർജന്റീന കഴിഞ്ഞ തവണ ലോകകപ്പിനിറങ്ങിയത്. സ്വതവേ റിബലായ ഇകാർഡി സഹതാരം മാക്സി ലോപ്പസിന്റെ ഭാര്യ വാൻഡ നാരയെ വിവാഹം കൂടി കഴിച്ചതോടെ ടീമിന് അനഭിമതനാകുകയായിരുന്നു.
ഇവരുടെയൊന്നും അത്ര മോശമല്ല ഡിബാലയുടെ അവസ്ഥ, ചടീമിലെങ്കിലുമുണ്ടല്ലോ! പക്ഷേ, വയസ് 29 ആയി. മെസിയുടെ അഭാവത്തിൽ അടുത്ത ലോകകപ്പ് കളിക്കുമെന്ന് ഉറപ്പിക്കാവുന്ന പ്രായമൊന്നുമല്ല. 2018ൽ കളിച്ച 22 മിനിറ്റ് മാത്രമാണ് ഇപ്പോഴും അയാളുടെ ലോകകപ്പ് സ്റ്റാറ്റിസ്റ്റിക്സ്. ഏഴു വർഷം മുൻപ് അരങ്ങേറ്റം, ഇപ്പോഴും അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം 11. അതിൽ 2020നു ശേഷം വെറും മൂന്ന്. പക്ഷേ, പലെർമോയിലും യുവന്റസിലും എഎസ് റോമയിലുമായി അടിച്ചു കൂട്ടിയ ഗോളുകൾ 136. ഇപ്പോഴല്ലെങ്കിൽ ഇനിയെന്ന് എന്ന് ആരാധകർ ചോദിക്കുന്നതിൽ അദ്ഭുമില്ല. എങ്കിലും, മെസിയുടെ പകരക്കാരനായി മാത്രമാണ് അയാളെ കളത്തിലിറക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ഈ ലോകകപ്പിൽ ഡിബാല കളിക്കണമെന്നൊട്ടു നിർബന്ധവുമില്ല...!