Published:06 December 2022
കൊച്ചി: ആലസ്യമൊഴിഞ്ഞ് മികച്ച വളര്‍ച്ചയിലെ നീങ്ങുന്ന ഭവന നിർമാണ മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ച് സിമന്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്താന്‍ കമ്പനികളൊരുങ്ങുന്നു. ഉത്പാദന ചെലവിലെ വർധന കണക്കിലെടുത്താണ് നിര്‍മാണ സാമിഗ്രികളുടെ വില കൂട്ടുന്നതെന്നാണ് കമ്പനികളുടെ നിലപാട്.
എന്നാല്‍ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെയും ലോഹങ്ങളുടെയും വില തുടര്‍ച്ചയായി താഴേക്ക് നീങ്ങുമ്പോള്‍ ഇപ്പോഴത്തെ വില വർധന നീതീകരിക്കാവുന്നതല്ലെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നു. നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ മേയ് മാസത്തിനു ശേഷം നാലു തവണയായി മുഖ്യ പലിശ നിരക്ക് 1.9 ശതമാനം ഉയര്‍ത്തിയിട്ടും രാജ്യത്തെ ഭവന നിർമാണ മേഖല കാര്യമായ തളര്‍ച്ച നേരിട്ടിരുന്നില്ല. സാമ്പത്തിക മേഖല കൊവിഡിനു ശേഷം മികച്ച ഉണര്‍വിലേക്ക് നീങ്ങിയതിന്റെ കരുത്തിലാണ് ഭവന വിപണി ശക്തമായി പിടിച്ചുനിന്നത്. എന്നാല്‍ രാജ്യം മറ്റൊരു മാന്ദ്യ സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍ നിർമാണ സാമഗ്രികളുടെ വില വർധന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കൊച്ചിയിലെ പ്രമുഖ സിമന്റ് വിതരണക്കാരനായ സി.പി. മുഹമ്മദ് പറയുന്നു.
ഡിസംബറില്‍ സിമന്റ് വില ചാക്കൊന്നിന് 10 മുതല്‍ 15 രൂപ വർധിപ്പിക്കാനാണ് കമ്പനികള്‍ തയാറെടുക്കുന്നത്. ഉത്പാദന ചെലവിലുണ്ടായ വർധനയുടെ ഭാരത്തിന്റെ ഒരു ഭാഗം ഉപയോക്താക്കള്‍ക്ക് കൈമാറാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. രാജ്യത്തെ മുന്‍നിര കമ്പനികളായ എസിസി, അള്‍ട്രാ ടെക്ക്, അംബുജാ സിമന്റ്സ് എന്നിവയെല്ലാം സിമന്റ് വില ഈ മാസം മുതല്‍ കൂടുമെന്ന സൂചന വിതരണക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റിനു ശേഷം കമ്പനികള്‍ സിമന്റ് ചാക്കിന് 16 രൂപയിലധികം വില വർധിപ്പിച്ചിരുന്നു.
സിമന്റ് വിപണന രംഗത്ത് കമ്പനികള്‍ ഒരുമിച്ച് ചേര്‍ന്നുള്ള വില നിര്‍ണയ രീതിയാണ് (കാര്‍ട്ടലൈസേഷന്‍) നടക്കുന്നതെന്ന ആരോപണം ശക്തമാണ്. വില്‍പ്പനയിലെ ഇടിവിനെത്തുടർന്ന് ലാഭത്തിലുണ്ടാകുന്ന കുറവ് മറികടക്കാനാണ് കമ്പനികള്‍ ഇപ്പോള്‍ വില ഉയര്‍ത്തുന്നതെന്നും വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റീല്‍, അലുമിനിയം, പെയിന്റ് നിർമാതാക്കളും അടുത്ത മാസം ഉത്പന്നങ്ങളുടെ വില ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ്. പലിശ നിരക്കിലെ വർധന കാരണം വട്ടംതിരിയുന്ന സാധാരണ ഉപയോക്താക്കള്‍ക്ക് നിർമാണ സാമിഗ്രികളുടെ വിലക്കയറ്റം മൂലം മൊത്തം ചെലവ് 20 ശതമാനം വരെ കൂടാനിടയുണ്ട്.