Published:07 December 2022
മുംബൈ: മഹാകവി കുമാരനാശാന്റെ 150താമത് ജന്മവാർഷികവും ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കാവ്യങ്ങളുടെ രചനാശതാബ്ദിയും ശ്രീനാരായണമന്ദിരസമിതി മുംബൈ സമുചിതമായി ആഘോഷിക്കുന്നു.
സമിതിയുടെ നെരൂൾ ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രത്തിലെ ഹാളിൽ 2023 ജനുവരി 8ന് രാവിലെ 10-30ന് ആരംഭിക്കുന്ന ഏകദിന സാംസ്കാരിക സെമിനാർ മലയാളത്തിന്റെ സുപ്രശസ്ത കവി പ്രൊഫ. വി മധുസൂദനൻ നായർ ഉത്ഘാടനം ചെയ്യും. മന്ദിരസമിതി പ്രസിഡന്റ്എം ഐ ദാമോദരൻ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുംബൈ - നവി മുംബൈയിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതായിരിക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ സാസ്കാരികവേദി കൺവീനർ കേയെസ് വേണുഗോപാൽ വിഷയാസ്പദമായ പ്രബന്ധം സെമിനാറിൽ അവതരിപ്പിക്കും.
തുടർന്ന് പ്രൊഫ.വി മധുസൂദനൻ നായരുടെ ആശാൻ സ്മാരകപ്രഭാഷണവും കാവ്യാലാപനവും ഉണ്ടായിരിക്കും. ഉച്ച തിരിഞ്ഞ്, സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ചുള്ള സഹൃദയരുടെ വിശദ ചർച്ചയും വിമർശനനിരൂപണങ്ങളും പ്രബന്ധകാരന്റെ മറുപടിയും ഉണ്ടായിരിക്കും. ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സാംസ്കാരിക സെമിനാറിൽ കലാസാഹിത്യസാംസ്കാരിക രംഗത്തു ള്ളവരും മലയാളി സംഘടനാപ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് പറഞ്ഞു.