Published:07 December 2022
ധാക്ക: ബംഗ്ലാദേശിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. സ്ലിപ്പില്‍ ക്യാച്ചിനായി ശ്രമിക്കവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ വിരലിന് പരിക്ക്. തള്ളവിരലിന് പരിക്കേറ്റ രോഹിത് ശര്‍മ്മയെ സ്കാനിംഗിന് വിധേയമാക്കും. ഇതേ തുടര്‍ന്നു രോഹിത് മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഗ്രൗണ്ട് വിടുകയും ചെയ്തു. തുടർന്ന് കെഎല്‍ രാഹുലാണ് ടീമിനെ നയിച്ചത്.
ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെ അനമുലിൻ്റെ ബാറ്റിൻ്റെ എഡ്ജിൽ തട്ടി വന്ന പന്ത് ക്യാച്ച് ചെയ്യാന്‍ ശ്രമിക്കവെ തള്ളവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. തള്ളവിരലില്‍ നിന്ന് രക്തം ഒഴുകുന്നത് ടെവിവിഷൻ ദൃശ്യങ്ങളിൽ കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് രോഹിത് മൈതാനം വിടുകയായിരുന്നു. മറുപടി ബാറ്റിംഗിന് രോഹിത് ശര്‍മ്മ ഇറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 272 റണ്‍സ് ലക്ഷ്യം. മെഹ്ദി ഹസന് മിറാസിൻ്റെ സെഞ്ചുറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ നേടിയത്. താരത്തിൻ്റെ കന്നി സെഞ്ച്വറികൂടിയാണിത്. 83 പന്തിൽ എട്ടു ബൗണ്ടറികളും നാലു സിക്സറുമടക്കം 100 റൺസാണ് മെഹ്ദി നേടിയത്.