Published:07 December 2022
കൊച്ചി/ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്നു നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.
കൈനകരി കുട്ടമംഗലം കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും (21) നവജാത ശിശുവുമാണു പ്രസവത്തിനു തൊട്ടുപിന്നാലെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു കുഞ്ഞിന്റെ മരണം. ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് അപർണയെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഇന്നലെ പുലർച്ചെ അപർണയും മരിച്ചു.കുട്ടിയുടെയും അമ്മയുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി. കുഞ്ഞു മരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും മരിച്ചത്. രക്തസമ്മർദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വച്ചു.
അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്റ്റർമാർക്കും ജീവനക്കാർക്കും എതിരെ ബന്ധുക്കൾ രംഗത്തെത്തി. അടിയന്തര ചികിൽസ നൽകാൻ സീനിയർ ഡോക്റ്റർമാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിനു കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ലേബർമുറിയിൽ പരിചരിച്ച ഡോക്റ്റർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പൊലീസില്‍ പരാതി നൽകി.
തിങ്കളാഴ്ചയാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു വേദനയെത്തുടര്‍ന്നു യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് ഡോക്റ്റര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാർഥികളാണ് ഓപ്പറേഷന് നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അനസ്തേഷ്യ കൂടിപ്പോയതാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞു മരിച്ചതിനു പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അമ്പലപ്പുഴ പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. പൊലീസ് അപര്‍ണയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അമ്മയുടെ മരണവും നടർന്നത്.
ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ കുഞ്ഞിന്റെയും അമ്മയുടെയും മരണം അന്വേഷിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാം ചുമതലപ്പെടുത്തി. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാര്‍, സര്‍ജറിവിഭാഗം മേധാവി ഡോ. എന്‍.ആര്. സജികുമാര്‍, നഴ്സിങ് ഓഫിസര്‍ എന്നിവരാണു സമിതിയിലുള്ളത്. രണ്ടുദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സൂപ്രണ്ട് നിര്‍ദേശിച്ചിരിക്കുന്നത്.