ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്; തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍
സ്വർണവിലയിൽ വന്‍ ഇടിവ്
ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത
Published:07 December 2022
അലിഗഡ്: 7 വർഷങ്ങൾക്കു മുൻപു മരിച്ച പെൺകുട്ടി കുടുംബവും കുട്ടികളുമൊക്കെയായി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ 7 വർഷമായി ഒരാൾ തടവ് അനുഭവിക്കുന്നു!ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണു സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അകത്തുപോയ വിഷ്ണുവിന് 7 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. എന്നാൽ, പെൺകുട്ടി ഉത്തർപ്രദേശിലെ തന്നെ ഹത്രാസ് ജില്ലയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടി തന്റെ കാമുകനുമായി ഒളിച്ചോടിയെന്നും പിന്നീടു വിവാഹിതരായെന്നും പൊലീസ് പറയുന്നു. പിന്നീടു ദമ്പതികൾ ഹത്രാസിലേക്കു താമസം മാറി.
2015 ഫെബ്രുവരിയിലാണ് അന്നു 10ാം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ കാണാതാവുന്നത്. കേസിലെ പ്രധാന പ്രതിയായി സംശയിച്ചതു വിഷ്ണുവിനെയായിരുന്നു. കുറെ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടയിൽ ആഗ്രയിൽ നിന്ന് ഒരു ശവശരീരം കിട്ടുകയും അതു മകളുടെതാണെന്നു കാണാതായ പെൺകുട്ടിയുടെ പിതാവു സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകക്കുറ്റവും ചുമത്തി.
എന്നാൽ, വിഷ്ണുവിന്റെ അമ്മ തന്റെ മകൻ നിരപരാധിയാണെന്നും പെൺകുട്ടിയെ കൊന്നിട്ടില്ലെന്നും ഉറച്ചു വിശ്വസിച്ചു. അടുത്തിടെ പെൺകുട്ടി ജീവനോടെയുണ്ടെന്ന വിവരം അവർക്കു കിട്ടുകയായിരുന്നു. അങ്ങനെ, വിഷ്ണുവിന്റെ അമ്മയായ സുനിത അലിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനിയെ സമീപിച്ചു. "മരിച്ച' പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്നും മാത്രമല്ല അവളിപ്പോൾ വിവാഹിതയാണെന്നും സുനിത പൊലീസ് ഉദ്യോഗസ്ഥരോടു പറയുകയും ചെയ്തു. തുടർന്നാണു സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതും ഹത്രാസിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നതും.
ഏതായാലും, പെൺകുട്ടി നേരത്തെ കാണാതായ അതേ പെൺകുട്ടി തന്നെയാണോ എന്നു തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അവളെ അലിഗഡ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടി തന്റെ മകളാണെന്നു പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, അന്നു കണ്ടെത്തി സംസ്കരിച്ച മൃതദേഹം ആരുടേതായിരുന്നു? എന്തുകൊണ്ട് ഈ പെൺകുട്ടിയെ അന്നു കണ്ടെത്താനായില്ല? വിഷ്ണു എന്തുകൊണ്ടാണു പെൺകുട്ടിയെ കൊലപ്പെടുത്തിയതു താനാണെന്നു സമ്മതിച്ചിട്ടുണ്ടാവുക? തുടങ്ങി പല ചോദ്യങ്ങളും കേസിൽ ഇപ്പോഴും ബാക്കിയായാണ്.