Published:08 December 2022
നവിമുംബൈ: ഏഴാം നിലയിൽ മകനെയുമായി ചാടിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ കോപാർഖൈർനെയിൽ താമസിക്കുന്ന ആരതി ശർമ്മ (37) യാണ് മരിച്ചത്.യുവതി മരിച്ചെങ്കിലും ആൺകുട്ടിയെ കോപ്പർ ഖൈർനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസ് പറയുന്നതനുസരിച്ച്,ഭർത്താവും സഹോദരിയും അമ്മയും ഇരയായ പെൺകുട്ടിയെ നിസാര കാര്യങ്ങൾ പറഞ്ഞ് നിരന്തരം വഴക്കിട്ടിരുന്നു.
2016 ജനുവരിയിൽ വിജേന്ദ്ര മൽഹോത്രയുമായി ആരതി വിവാഹിതയായത്.ആദ്യ വർഷങ്ങളിൽ തന്റെ സഹോദരിയും മൽഹോത്രയും തമ്മിലുള്ള ബന്ധം നല്ലതായിരുന്നുവെന്ന് ഇരയുടെ സഹോദരൻ വിശാൽ ശർമ്മ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.ആരതിയെ തന്റെ കുടുംബത്തിൽ പോകാനോ ഫോണിൽ സംസാരിക്കാനോ അനുവദിച്ചിരുന്നില്ല എന്നും പൊലീസിന് കൊടുത്ത മൊഴിയിൽ സഹോദരൻ പറഞ്ഞു.
2021-ൽ തന്റെ സഹോദരി ഒരിക്കൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ഭാഗ്യം കൊണ്ട് രക്ഷപെട്ടു വെന്നും ശർമ്മ പോലീസിനോട് പറഞ്ഞു. “ഞങ്ങൾ ദീപാവലി ദിനത്തിൽ അവളെ കാണാൻ പോയപ്പോൾ ഭർത്താവിന്റെ വീട്ടുകാർ മധുരപലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിച്ചില്ല.ഞങ്ങളെ ഇങ്ങോട്ട് വന്ന് കാണുവാനും അവളെ അനുവദിച്ചിരൂന്നില്ല."ശർമ്മയുടെ മൊഴിയിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ (സ്ത്രീയെ ഉപദ്രവിക്കൽ), 306 (ആത്മഹത്യ പ്രേരണ), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സീനിയർ പോലീസ് ഇൻസ്പെക്ടർ അജയ് ഭോസാലെ പറഞ്ഞു.