ബിഹാറിൽ തളർന്ന് വീണ് കോൺഗ്രസ് ;അതിദയനീയ പരാജയം

കോൺഗ്രസിന് ശനിദശ
കോൺഗ്രസിന് ശനിദശ

അതിദയനീയ പരാജയം

Updated on

പറ്റ്ന: ബിഹാറിലെ തെരഞ്ഞെടുപ്പ് ഗോദയിൽ തകർന്നടിഞ്ഞ് കോൺഗ്രസ് നേതൃത്വം. ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് നേട്ടമുണ്ടാകാനായത് 5 സീറ്റിൽ മാത്രമാണ്. രാഹുൽഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിന്‍റെ മുനയൊടിക്കുന്ന ലീഡ് നിലയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം ചെന്ന പാർട്ടിയുടെ ശനിദശയാണ് വെളളിയാഴ്ച ബിഹാറിൽ ദൃശ്യമായത്.

ആർജെഡിയുടെ പിന്നിൽ നിഴൽ പോലെ മത്സരിച്ച കോൺഗ്രസിന് കനത്ത പരാജയം രുചിക്കേണ്ടി വന്നു. നിതീഷ് കുമാറിനും തേജസ്വി യാദവിനും ഒപ്പം കോൺഗ്രസിന്‍റേതായ മുഖത്തെ ചേർത്തുനിർത്താൻ നേതൃത്വത്തിനായില്ല.

2020 ൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരം നഷ്ടപ്പെടുത്തിയ പാർട്ടിയെന്ന ദുഷ്പേര് കോൺഗ്രസിന് ഉണ്ടായിരുന്നു. എന്നാൽ അത് മാറി കിട്ടി. പകരം മോശം എന്നതിന് പകരം അതിദയനീയം എന്ന വാക്കാണ് കോൺഗ്രസിന്‍റെ പേരിനൊപ്പം ചാർത്തി കിട്ടിയിരിക്കുന്നത്. ഓരോ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുംതോറും സംസ്ഥാനത്തെ കോൺഗ്രസിന്‍റെ നില പരുങ്ങലിൽ ആവുകയാണ്. മോശം വിദ്യാഭ്യാസം, തൊഴിലില്ലായ്മ, കുടിയേറ്റം എന്നി വിഷയങ്ങളിലെ കോൺഗ്രസിന്‍റെ പ്രചാരണം സാധാരണ ജനങ്ങളിലെത്തിയില്ലെന്ന് വേണം കരുതാൻ.ബിഹാറിൽ‌ ഒരു കാലത്ത് പ്രബലശക്തിയായിരുന്ന അസദുദ്ദീൻ ഒവൈസിയേക്കാൾ മോശം നിലയിലാണ് കോൺഗ്രസ്. ബിഹാറിലെ 243 നിയോജക മണ്ഡലങ്ങളിലും ദുർബലമായ സംഘടന പ്രവർത്തനമാണ് കോൺഗ്രസിന് ഉളളത്.

പരിപാടി സംഘടിപ്പിക്കുന്നതിനും, വോട്ടർമാരിലേക്ക് എത്താനും കോൺഗ്രസ്, ആർജെഡിയുടെ പ്രാദേശിക വിഭാഗത്തെയാണ് ആശ്രയിക്കുന്നത്.രാജേഷ് കുമാറെന്ന പിസിസി അധ്യക്ഷന് പിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനോ അണികളേയും പ്രവര്‍ത്തകരേയും ആവേശത്തിലാഴ്ത്താനോ കഴിഞ്ഞില്ല. രാഷ്ട്രീയ നിലപാടുളള ഒരു പ്രാദേശിക നേതൃത്വത്തിന്‍റെ കുറവ് തെരഞ്ഞെടുപ്പിൻ ഉടനീളം പ്രകടമായിരുന്നു. ഇതോടെ പ്രാദേശിക തലത്തിലെ പൾസ് മനസിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാത്തതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. 1990 ലെ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയ്ക്ക് ശേഷം കോൺഗ്രസിന് ബിഹാറിൽ കാര്യമായി ഒന്നുംതന്നെ ചെയ്യാനായിട്ടില്ല.

വോട്ടെടുപ്പിന് പിന്നാലെ ബിഹാറിലെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ വക്താവുമായ ഷക്കീല്‍ അഹമ്മദ് പാര്‍ട്ടി വിട്ടതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ഒരു നേതാവുമായുളള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഷക്കീല്‍ അഹമ്മദ് രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ട്രെൻഡ് മഹാസഖ്യത്തിന് നിരാശാജനകമാണെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com