മുംബൈ: നിയമസഭ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ)സഖ്യം ഭൂരിഭാഗം സീറ്റുകളുടെയും വിഭജനം പൂർത്തിയാക്കിയതായിനേതാക്കൾ അവകാശപ്പെട്ടു. എന്നാൽ മുംബൈയിലെ 36 സീറ്റുകളിൽ അഞ്ചെണ്ണത്തിൽ എംവിഎ പങ്കാളികളാരും അവകാശവാദമുന്നയിച്ചില്ല. ബിജെപി എംഎൽഎമാർ പ്രതിനിധീകരിക്കുന്ന മലബാർ ഹിൽ, വിലെ പാർലെ, ചാർകോപ്, ബോറിവാലി, മുളുണ്ട് എന്നിവയാണവ. ബാക്കി സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ അടുത്ത യോഗങ്ങളിൽ നടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ 180 സീറ്റുകൾ എം വി എ നേടുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടോ മൂന്നോ യോഗങ്ങൾ ഇതിനകം നടന്നെങ്കിലും ഗണേശോത്സവത്തിന് ശേഷം എല്ലാവരുടെയും സമ്മതത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു.
എംവിഎയ്ക്കുള്ളിലെ സീറ്റ് പങ്കിടൽ സംബന്ധിച്ച ആദ്യ യോഗം ഓഗസ്റ്റ് 24 ന് നടന്നു. പ്രധാനമായും മുംബൈയിലെ സീറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ശിവസേനയും (യുബിടി) കോൺഗ്രസും മുംബൈയിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന ആഗ്രഹത്തിലാണ്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ (എസ്പി)മികച്ച പ്രകടനം കാരണം സംസ്ഥാനത്തുടനീളം ചില പ്രധാന സീറ്റുകൾക്കായി ഈ വിഭാഗം ശ്രമിക്കുന്നു. ഏതാനും ബിജെപി നേതാക്കളും ഇതിനകം ശരദ് പവാറിനൊപ്പം ചേർന്നിട്ടുണ്ട്.
കഴിഞ്ഞ യോഗത്തിൽ ശിവസേന (യുബിടി) മുംബൈയിലെ 36ൽ 18-20 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. അവർ വിജയിച്ച സീറ്റുകളിലും ഒന്നിലധികം സ്ഥാനാർത്ഥികൾക്ക് താൽപ്പര്യമുള്ള സീറ്റുകളിലും അവർ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കോൺഗ്രസ് 14-16 സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ ശരദ് പവാറിന്‍റെവിഭാഗം അഞ്ച് മുതൽ ഏഴ് വരെ സീറ്റുകളാണ് ആവശ്യപ്പെടുന്നത്.