
തിരുവനന്തപുരം: നേതൃത്വം ക്ഷണിക്കാത്തതിനാലാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാതിരുന്നതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ക്ഷണിച്ചിരുന്നുവെങ്കിൽ നിലമ്പൂരിൽ പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര‍്യാടൻ ഷൗക്കത്ത് നല്ല സ്ഥാനാർഥിയാണെന്നും അദ്ദേഹം വിജയിക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്നുള്ളത് ശരിയാണെന്നും, വോട്ടെടുപ്പിനു ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ പറഞ്ഞു.
''പഹൽഗാം മിഷന്‍റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. രാജ‍്യത്തിന്‍റെ വിഷയങ്ങൾ വരുമ്പോൾ രാജ‍്യത്തിന്‍റെ താത്പര‍്യങ്ങളാണ് നോക്കുന്നത്. രാഷ്ട്രീയം നോക്കാറില്ല. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. കോൺഗ്രസിൽ അംഗമാണ്. ബിജെപിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല'', തരൂർ വ്യക്തമാക്കി.