
പെഷവാർ: പാക്കിസ്ഥാനിൽ 19 കാരനെ ഭീകരർ കഴുത്തറുത്തു കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ ബാർഗൈ സ്വദേശി റഹീദുള്ള എന്ന യുവാവിനെയാണു പാക് സേനയുടെയും ഭീകരവിരുദ്ധ സേനയുടെയും ചാരനെന്ന് ആരോപിച്ച് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇത്തിഹാദുൽ മുജാഹിദ്ദീൻ ഇ ഖുറാസാൻ എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. സൈന്യത്തിന്റെ ചാരനായതിനാലാണ് കൊലപ്പെടുത്തിയതെന്ന കുറിപ്പും മൃതദേഹത്തിൽ നിന്നു കണ്ടെടുത്തു. കഴിഞ്ഞ 15ന് കൃഷിയിടത്തിലേക്കു പോയ റഹീദുള്ളയെ കാണാതാകുകയായിരുന്നെന്ന് അമ്മാവൻ പറഞ്ഞു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഒരു വർഷമായി പൊലീസിനും സൈന്യത്തിനുമെതിരേ ഭീകരാക്രമണം ശക്തമാണ്.