
കോട്ടയം: യുവാക്കളെ ആക്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേളൂർ തിരുവാതുക്കൽ പാറേച്ചാൽ ഭാഗത്ത് മുപ്പതിൽചിറ വീട്ടിൽ ആദർശ് സാബു (21), കോയിപ്പുറത്ത് ചിറ വീട്ടിൽ ബിജീഷ് മോൻ (21), വേളൂർ ചുങ്കത്ത് മുപ്പതിൽ പാലം ഭാഗത്ത് മുപ്പത്തെട്ടിൽ വീട്ടിൽ ശരത് പ്രസാദ് (26), നാട്ടകം മുട്ടം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ എം.പി ഇന്ദ്രജിത്ത് (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പാറേച്ചാൽ ഭാഗത്ത് വേളൂർ സ്വദേശിയായ പ്രവീൺ എന്ന യുവാവിനെ ഇടിക്കട്ടകൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രവീണിന്‍റെ സുഹൃത്തിനെ ഇവർ മർദിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയതായിരുന്നു പ്രവീൺ. തുടര്‍ന്ന് ഇരുവരെയും ഇവര്‍ മര്‍ദിച്ചു. ഇവർക്ക് പ്രവീണിന്‍റെ സുഹൃത്തിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു.
ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. പിന്നീട് ഇവർ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ 4പേരെയും പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.ആർ പ്രശാന്ത് കുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സജി കുമാർ, സിജു കെ.സൈമൺ, സി.പി.ഓ മാരായ കെ.എം രാജേഷ്, ഷൈൻ തമ്പി, സലമോൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ 4 പേരെയും റിമാന്‍ഡ് ചെയ്തു.