
കോട്ടയം: കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ സുധ ഫിനാൻസിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ ഭാഗത്ത് അനീഷ് ഭവനത്തിൽ അനീഷ് ആൻ്റണി (25) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേർന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സുധ ഫിനാൻസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ശക്തമായ തെരച്ചിലിനൊടുവിൽ ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 5, 6 തീയതികളിലാണ് മോഷണം നടന്നത്. എഴാം തീയതിയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള കുറിച്ചി മന്ദിരം കവലയിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫിനാൻസിലാണ് മോഷണം നടന്നത്. 4050 ഗ്രാം സ്വർണമാണ് ഇവിടെ നിന്ന് മോഷ്ടിക്കപെട്ടത്. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. ഒന്നാം പ്രതിയെ പിടികൂടിയതറിഞ്ഞ് രണ്ടാം പ്രതി രക്ഷപെട്ടതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇയാൾക്കായി അന്യേഷണം പുരോഗമിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ചങ്ങനാശേരി ഡിവൈ.എസ്.പി ബിജു വി. നായർ, ചങ്ങനാശേരി മുൻ ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബി.എസ് ബിനു, എസ് .ഐ മാരായ വിപിൻ ചന്ദ്രൻ, അഖിൽ ദേവ്, ജയകൃഷ്ണൻ, സുരേഷ്, സി.പി.ഓ മാരായ ശ്യാം. എസ്. നായർ, മണികണ്ഠൻ,
പി.ആർ സതീഷ് കുമാർ, അതുൽ കെ മുരളി, സൻജിത്ത്, അരുൺ, അനീഷ്, ലൈജു, ഷെബിൻ പീറ്റർ,രതീഷ്, സന്തോഷ് കുമാർ, സന്തോഷ്, നിയാസ്, രഞ്ജിത്ത് എന്നിവരാണ് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.