
ആശുപത്രിയിൽ കയറി രോഗിയെ കൊന്ന സംഭവം; പ്രതികൾ അറസ്റ്റിൽ
കോൽക്കത്ത: ആശുപത്രിയിൽ കയറി ഗുണ്ടാ നേതാവിനെ വെടിവച്ചുകൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കോൽക്കത്തയ്ക്ക് സമീപത്തുള്ള ന‍്യൂ ടൗണിൽ നിന്നുമാണ് പ്രതികളായ അഞ്ചുപേരെ പിടികൂടിയത്. ന‍്യൂ ടൗൺ പ്രദേശത്തുള്ള ഭവന സമുച്ചയത്തിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ബിഹാർ പൊലീസും പശ്ചിമ ബംഗാൾ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ 4 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും എന്നാൽ അഞ്ചാം പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര‍്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
വ‍്യാഴാഴ്ച രാവിലെയായിരുന്നു 12ലധികം കൊലപാതകക്കേസുകളിലും 24 ക്രിമിനൽ കേസുകളിലും പ്രതിയായ ചന്ദൻ മിശ്രയെ അഞ്ചംഗ സംഘം ആശുപത്രിയിൽ വച്ച് വെടിവച്ച് കൊന്നത്.
ആരോഗ‍്യപ്രശ്നങ്ങൾ മൂലം ബ‍്യൂർ ജയിലിൽ നിന്നും പരോളിലിറങ്ങി പട്നയിലെ ഒരു സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ചന്ദൻ മിശ്ര. ഇതിനിടെയാണ് വെടിയേറ്റു മരിച്ചത്.