മോഷണശ്രമം തടയുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരുക്ക്

ആയുര്‍വേദ ഡോക്റ്ററായ യോഗേഷ് ദേശ്മുഖ് (50), ഭാര്യ ഡോ. ദീപാലി (44) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Couple seriously injured after falling from moving train while preventing robbery attempt

മോഷണശ്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരുക്ക്

Updated on

മുംബൈ: മോഷണശ്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരുക്ക്. അപകടത്തിൽ ട്രെയിനിനടിയിൽപ്പെട്ട് ഭർത്താവിന്‍റെ ഇടതു കൈപ്പത്തിയുടെ ഭാഗം അറ്റുപോയി. ബുധനാഴ്ച പുലർച്ചെ കാഞ്ചൂർമാർഗിലായിരുന്നു സംഭവം. ആയുര്‍വേദ ഡോക്റ്ററായ യോഗേഷ് ദേശ്മുഖ് (50), ഭാര്യ ഡോ. ദീപാലി(44) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

മുബൈ എൽടിടി - നന്ദേഡ് സ്പെഷ്യൽ ട്രെയിനിലെ എസ്4 കോച്ചിലെ യാത്രക്കാരായിരുന്നു ദമ്പതികൾ. മകൾക്കൊപ്പം ലാത്തൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എസ്4 കോച്ചിലെ മിഡില്‍ ബെര്‍ത്തിലായിരുന്നു ദീപാലി കിടന്നിരുന്നത്. യാത്രയിക്കിടെ മോഷ്ടാവ് ദീപാലിയുടെ ഹാൻഡ് ബാഗ് മോഷ്ടിക്കുകയായിരുന്നു. എന്നാൽ, മോഷണ ശ്രമം അറിഞ്ഞതോടെ യുവതി ബാഗിൽ പിടിച്ച് വലിച്ച് മോഷണശ്രമം തടയാൻ ശ്രമിച്ചു.

ഇതോടെ മോഷ്ടാവ് ബാഗ് പിടിച്ച് വലിച്ച് ട്രെയിനിന്‍റെ വാതിലിനരികിലേക്ക് ഓടി. ബാഗില്‍നിന്ന് പിടിവിടാതിരുന്ന യുവതിയെയും ഇയാള്‍ വലിച്ചിഴച്ചു. ബഹളംകേട്ട് ഭർത്താവ് യോഗേഷ് ട്രെയിനിന്‍റെ വാതിലിന് അരികിലേക്കെത്തുകയായിരുന്നു. പിടിവലിക്കിടെ, ട്രെയിനിന്‍റെ വേഗം കുറഞ്ഞതോടെ മോഷ്ടാവ് ബാഗുമായി പുറത്തേക്ക് ചാടി. ഇതോടെ മോഷ്ടാവിന്‍റെ പിടിവിടാതിരുന്ന ദീപാലിയും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യോഗേഷും ട്രെയിനില്‍നിന്ന് പുറത്തേക്ക് വീണു.

ട്രെയിനിനടിയില്‍പ്പെട്ട് യോഗേഷിന്‍റെ കൈപ്പത്തി അറ്റുപോവുകയായിരുന്നു. പാളത്തിന്‍റെ സമീപത്തേക്ക് വീണ ദീപാലിക്കും ഗുരുതരമായി പരുക്കേറ്റു.

അപകടം നടന്ന വിവരം യുവതിയാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചത്. അപകടം നടന്ന സ്ഥലം മനസിലാകാത്തതിനാല്‍ പൊലീസിന് പെട്ടെന്ന് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. അതുവഴി എത്തിയ പാൽ വിതരണ വാഹനത്തിലെ ഡ്രൈവറാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

ഇരുവരും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാഗുമായി ഓടി രക്ഷപെട്ട മോഷ്ടാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com