കളമശേരി: സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കുന്നതിനിടയിൽ കണ്ടക്റ്ററെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ. ഹിദായത്ത് ഗ്രൂപ്പിന്‍റെ അസ്ത്ര ബസിലെ കണ്ടക്റ്റർ ഇടുക്കി സ്വദേശി പഞ്ചായത്ത് പുത്തൻകോളനിയിൽ അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. മൂലേപ്പാടം ഭാഗത്തേക്കുള്ള ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ട പ്രതി മിനൂപ് ബിജുവിനെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺസുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കളമശേരിയിലെ എച്ച്എംടി ജങ്ഷൻ ജുമാ മസ്ജിദിന് മുന്നിൽ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. വൈറ്റിലയിൽ നിന്ന് മെഡിക്കൽ കോളെജ് വഴി ആലുവയിലേക്ക് പോകുന്ന ബസ് ഇന്നലെ ദിവസത്തിൽ ഉച്ചയ്ക്കുള്ള ട്രിപ്പ് എച്ച്എംടി കവലയിൽ അവസാനിപ്പിക്കാറാണ് പതിവ്. ഏതാനും പേർ മാത്രമാണ് ബസിലുണ്ടായിരുന്നത്. ആളുകൾ ഇറങ്ങിക്കൊണ്ടിരിക്കെ ബസിൽ ഓടിക്കയറി ഒരു പ്രകോപനവുമില്ലാതെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കണ്ടക്റ്ററെ കുത്തുകയായിരുന്നു. കുത്തിയതിനു ശേഷം പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചിരുന്നു. നിവർത്തിപ്പിടിച്ച കത്തിയുമായി യുവാവ് ഓടുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു.
കുത്തേറ്റ അനീഷിനെ ബസ് ഡ്രൈവർ ഓട്ടൊറിക്ഷയിൽ എറണാകുളം ഗവ. കോളെജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അനീഷിന്‍റെ നെഞ്ചിലാണ് കുത്തേറ്റത്. വീണ്ടും കുത്താനുള്ള ശ്രമത്തിനിടെ കൈയ്ക്കും കഴുത്തിലും മുറിവേറ്റിട്ടുണ്ട്.