
ജയ്പുര്‍: രാജസ്ഥാനില്‍ 4 വയസുകാരിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എഎസ്‌ഐ ഭൂപേന്ദര്‍ സിംഗ് ആണ് അറസ്റ്റിലായത്. ദൗസ ജില്ലയില്‍ ലാല്‍സോട്ട് മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 4 വയസുകാരിയെ പ്രലോഭിപ്പിച്ച് വാടക വീട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചതായാണ് വിവരം.
സംഭവത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്‌റ വ്യക്തമാക്കി. വിവരമറിഞ്ഞ് റാഹുവാസ് പൊലീസ് സ്റ്റേഷനില്‍ ഗ്രാമീണര്‍ തടിച്ചുകൂടി പൊലീസെനതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പൊലീസിന് കൈമാറുന്നതിന് മുമ്പ് നാട്ടുകാര്‍ മര്‍ദിച്ചു.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ദളിത് പെൺകുട്ടിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ടെന്ന് ബിജെപി എംപി കിരോടി ലാല്‍ മീണ പറഞ്ഞു. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത് കാണിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇത്തരം അതിക്രമങ്ങളാണ് അരങ്ങേറുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ബിജെപി എംപി പറഞ്ഞു. നവംബര്‍ 25ന് രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 4 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ബിജെപി.