
ലൊസാഞ്ചലസ്: ബന്ധുവിനെയും നാലുവയസുകാരിയെയും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഓക്‌ലഹോമ സ്വദേശിയായ ലോറൻസ് പോൾ ആൻഡേഴ്സനെ (44) ആണ് കോടതി ശിക്ഷിച്ചത്.
2021 ലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. ആൻഡ്രിയ ബ്ലാൻകെൻഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ പ്രതി, യുവതിയുടെ ഹൃദയം മുറിച്ചെടുത്തിരുന്നു. അതുമായി ബന്ധുവിന്‍റെ വീട്ടിലെത്തിയ ശേഷം ഉരുളക്കിഴങ്ങ് ചേർത്തു കറിവെച്ച് ഭക്ഷിച്ചു. തുടർന്ന് ബന്ധുവായ ലിയോൺ പൈക്കിനെയും ഭാര്യ ഡെൽസിയെയും കഴിക്കാൻ നിർബന്ധിച്ചു. കഴിക്കാൻ വിസമ്മതിച്ച ലിയോണിനെയും 4 വയസുകാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തുകയായിരുന്നു. ഡെൽസി തലനാരിഴക്ക് രക്ഷപെട്ടു.
2017ൽ മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രതി 2019 ലാണ് പുറത്തിറങ്ങുന്നത്. 20 വർഷത്തെ കഠിനതടവിന് കോടതി ഉത്തരവിട്ടെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതിനുശേഷമാണ് നാടിനെ ഞെട്ടിക്കുന്ന ക്രൂര കൊലപാതകം അരങ്ങേറിയത്. ഒരു കാലത്തും ക്ഷമിക്കാൻ പറ്റുന്ന കുറ്റകൃത്യമല്ല പ്രതിയുടേതെന്നും പുറംലോകം കാണാൻ ഇയാൾ അർഹനല്ലെന്നും ജഡ്ജി വിധിപ്രസ്താവനയിൽ വ്യക്തമാക്കി.