പ്രത്യേക ലേഖകൻ
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ കേരള സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ കാരണമായത് വിമെൻ ഇൻ സിനിമ കളക്റ്റീവ് - WCC ഇടപെടലെന്ന് റിപ്പോർട്ടിൽ തന്നെ പരാമർശം. സിനിമയുമായി ബന്ധപ്പെട്ട് ഏതു വിവാദമുണ്ടായാലും, ഡബ്ല്യുസിസി എവിടെ എന്നും ഇങ്ങനെയൊരു സംഘടനം എന്തിനാണെന്നും ചോദിച്ച് പരിഹസിക്കാറുള്ളവർക്ക് ഉചിതമായ മറുപടി കൂടിയാണ് ഡബ്ല്യുസിസി ഇടപെടലിനെക്കുറിച്ച് ജസ്റ്റിസ് കെ. ഹേമ തന്‍റെ റിപ്പോർട്ടിൽ നടത്തിയിരിക്കുന്ന പരാമർശം.
മലയാളം സിനിമയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ 2017 മേയിൽ വിമെൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപീകരിക്കുകയും, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പെറ്റീഷൻ നൽകുകയും ചെയ്ത വിവരം റിപ്പോർട്ടിന്‍റെ ആമുഖ ഭാഗത്ത്, മൂന്നാമത്തെ പേജിൽ തന്നെ പറയുന്നുണ്ട്.
സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ പരാതി A1 തെളിവായും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിമിത്തമായത് നടി ആക്രമിക്കപ്പെട്ട സംഭവം
പ്രമുഖ നടിയെ കാറിൽ തട്ടിക്കൊണ്ടു പോയി രണ്ടു മണിക്കൂർ പീഡിപ്പിക്കുകയും അതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തെത്തുടർന്നാണ് ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ടത്. ഈ സംഭവത്തിലെ അതിജീവിതയ്ക്ക് സംഘടന ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മലയാള സിനിമിയുടെ ചരിത്രത്തിൽ ഒരു നടി ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് ഒരേയൊരു സംഭവമല്ലെന്നാണ് ഡബ്ല്യുസിസി പരാതിയിൽ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരേയൊരു സംഭവം മാത്രമാണിത്. സിനിമാ മേഖലയുടെ യശസ് ഉയർത്തിപ്പിടിക്കണമെന്നും മറ്റും പറഞ്ഞാണ് അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ നിശബ്ദരാക്കി നിർത്തുന്നത്.
ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ്, സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും ഒരു സമിതിയെ നിയോഗിക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടത്.
ഉന്നയിച്ചത് വിവിധ പ്രശ്നങ്ങൾ
സ്ത്രീവിവേചനം, പരാതി പരിഹാര സംവിധാനത്തിന്‍റെ അഭാവം, ലൈംഗിക ചൂഷണം തടയാനുള്ള സംവിധാനങ്ങളുടെ അഭാവം, തൊഴിൽ സ്ഥലത്തെ അരക്ഷിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളാണ് സംഘടന നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതു കണക്കിലെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡബ്ല്യുസിസി ആവശ്യപ്പെട്ടതു പ്രകാരം ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയും നടി ശാരദയും മുൻ ഐഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരിയും അംഗങ്ങളുമായി സമിതിയെ നിയോഗിക്കുന്നത്.
WCC അംഗങ്ങൾക്കും വിലക്ക്
ഡബ്ല്യുസിസിയിൽ അംഗത്വം എടുത്തു എന്നതിന്‍റെ പേരിൽ മാത്രം പല നടിമാർക്കും സിനിമയിൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രേവതി, ഭാഗ്യലക്ഷ്മി, ദീദി ദാമോദരൻ, ബീന പോൾ, അഞ്ജലി മേനോൻ, വിധു വിൻസെന്‍റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡബ്ല്യുസിസി രൂപീകരിക്കുന്നത്.
ആരോപണം നിഷേധിച്ചും ഒരു WCC അംഗം
ഡബ്ല്യുസിസിയുടെ ആദ്യ അംഗങ്ങളിൽ ഒരാൾ തന്നെ ഇവർ ഉന്നയിച്ച ആരോപണങ്ങൾക്കു വിരുദ്ധമായി ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമയിൽ അവസരം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരതലാണ് ഇവർ എടുത്തതെന്നു സംശയിക്കാം. സിനിമ മേഖലയിൽ ലൈംഗിക ചൂഷണം നടക്കുന്നതായി കേട്ടിട്ടു പോലുമില്ലെന്നാണ് ഈ നടി നൽകിയ മൊഴി. മറ്റു മിക്ക WCC അംഗങ്ങളും സിനിമയിൽ വിലക്ക് നേരിട്ടപ്പോഴും ഇവർക്ക് തുടർച്ചയായി അവസരങ്ങൾ ലഭിച്ചിരുന്നു.
അതേസമയം, ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ടതോടെ സിനിമ മേഖലയിലെ സ്ത്രീകൾക്ക് അവർ നേരിടുന്ന ചൂഷണങ്ങൾ പരസ്പരം പങ്കുവയ്ക്കാനെങ്കിലും അവസരമുണ്ടായി എന്നതാണ് യാഥാർഥ്യം.
സ്വകാര്യത ഉറപ്പുകൊടുത്തുകൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇവർ ലൈംഗിക ചൂഷണം അടക്കമുള്ള പ്രശ്നങ്ങൾ പങ്കുവച്ചിരുന്നു. ഇതിന്‍റെ സ്ക്രീൻഷോട്ടുകളും ഹേമ കമ്മിറ്റിക്കു ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ചൂഷണം നടക്കുന്നതായി കേട്ടിട്ടേയില്ലെന്ന മൊഴി, കമ്മിറ്റിക്ക് അവിശ്വസനീയമായതും.