ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽനിന്നു കിട്ടിയത് 36 വെടിയുണ്ടകൾ!

ഒരാന പോയാൽ വേറൊന്ന്... പ്രശ്നമുണ്ടാക്കുന്ന ആനകളെ വെടിവച്ചു കൊല്ലുന്നതോ കാടുമാറ്റുന്നതോ ശാശ്വത പരിഹാരമല്ലെന്ന് വൈൽഡ് ലൈഫ് ബയോളജിസ്റ്റ് സാബു ജഹാസ്
ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽനിന്നു കിട്ടിയത് 36 വെടിയുണ്ടകൾ!

# അജയൻ

കാട്ടാനകളോട് മനുഷ്യൻ കാട്ടിയ സമാനതകളില്ലാത്ത ക്രൂരതയുടെ കഥയാണ് വൈൽഡ് ലൈഫ് ബയോളജിസ്റ്റ് സാബു ജഹാസ് മെട്രൊ വാർത്തയുമായി പങ്കുവച്ചത്. റിസെർച്ച് സെന്‍റർ ഫൊർ എൺവയൺമെന്‍റ് ആൻഡ് സോഷ്യൽ സയൻസസിന്‍റെ ഡയറക്റ്റർ കൂടിയാണ് അദ്ദേഹം. കഥ ഇങ്ങനെ:

വർഷങ്ങൾക്കു മുൻപാണ്. വയനാട്ടിലെ പദ്രി ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഭാഗമായാണ് രണ്ടു പതിറ്റാണ്ട് മുൻപ് സാബു ജഹാസ് അവിടെ പോകുന്നതും കാട്ടാനകൾ നേരിടുന്ന ഗുരുതരമായൊരു പ്രശ്നത്തെക്കുറിച്ച് നേരിൽ ബോധ്യപ്പെടുന്നതും.

ഒരു മോഴ (കൊമ്പില്ലാത്ത ആണാന) ഇറങ്ങി നിരന്തരം അക്രമം കാണിച്ചുകൊണ്ടിരുന്ന ഈ റേഞ്ചിന്‍റെ തെക്കൻ മേഖലയിൽ ആനകളുടെ എണ്ണം അസാധാരണമാം വിധം കുറവായിരുന്നു. എന്നാൽ, ആനകൾ അക്രമത്തെക്കുറിച്ച് ആളുകൾ പരാതിപ്പെടുകയോ, അവ ഇറങ്ങുന്ന സ്ഥലങ്ങൾ സാബുവിനു കാട്ടിക്കൊടുക്കാൻ തയാറാവുകയോ ചെയ്തിരുന്നില്ല. പടക്കം പൊട്ടിച്ച് ആനകളെ വിരട്ടിയോടിക്കുകയാണ് പ്രദേശവാസികൾ ചെയ്തിരുന്നത്. ചിലർക്കൊക്കെ ലൈസൻസില്ലാത്ത തോക്കുമുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഈ മോഴ ചരിഞ്ഞു.

പക്ഷേ, പ്രദേശം ശാന്തമായില്ല. ഇതേ മേഖലയിൽ മറ്റൊരു കൊമ്പനാന ഇറങ്ങി അക്രമം പുനരാരംഭിച്ചു. രണ്ടോ മൂന്നോ വർഷത്തിലധികം ഈ കൊമ്പനും അവിടെ അതിജീവിക്കാനായില്ല. ഇവൻ ചരിയുന്നതിന് അൽപ്പം മുൻപ് അതിനടുത്തെത്താൻ സാബുവിനു സാധിച്ചു. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന ആന കാലിൽ ഉയരാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞു വീണു. തൊട്ടടുത്ത ദിവസം ചരിഞ്ഞു. പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നു. ആനയുടെ ശരീരത്തിൽ നിന്ന് 36 വെടിയുണ്ടകളാണ് വീണ്ടെടുത്തത്!

പിന്നാലെ മൂന്നാമതൊരു കൊമ്പൻ ഇതേ മേഖലയിലിറങ്ങി. അതിന്‍റെ വിധിയും വ്യത്യസ്തമായിരുന്നില്ല. ''അതിനു ശേഷം ഞാനാ സ്ഥാലത്തു പോയിട്ടില്ല. പിന്നീട് എന്തു സംഭവിച്ചെന്നുമറിയില്ല'', സാബു പറയുന്നു.

പ്രശ്നമുണ്ടാക്കുന്ന ആനയെ വെടിവച്ചു കൊല്ലുന്നതോ കാടു മാറ്റുന്നതോ പ്രശ്നത്തിനു ശാശ്വത പരിഹാരമല്ലെന്നാണ് ഈ സംഭവം ഉദാഹരിച്ച് സാബു സമർഥിക്കുന്നത്. ഒരാനയല്ലെങ്കിൽ മറ്റൊന്ന്, അതല്ലെങ്കിൽ വേറൊന്ന്, അതങ്ങനെ തുടർന്നുകൊണ്ടിരിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com