4 വയസുകാരിയെ കൊന്ന കേസ്: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ചോറ്റാനിക്കരയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ശിക്ഷ ജീവപര്യന്തമായി കുറച്ചു. പ്രതികൾ കൊലപാതകം ചെയ്തു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു. വിചാരണ കോടതി ചുമത്തിയിരുന്ന കൊലപാതക കുറ്റം റദ്ദാക്കിയ കോടതി, പകരം മനഃപൂർവമല്ലാത്ത നരഹത്യയും ഗൂഡാലോചന കുറ്റവും ചുമത്തി കേസിലെ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും 50,000 രൂപയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്സോ കേസും കുട്ടിയുടെ അമ്മയ്ക്കെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി.
പ്രതികൾ ഗൂഡാലോചന നടത്തിയെന്നും കുട്ടിയുടെ മരണത്തിൽ അറിവുണ്ടെന്നതിനു മതിയായ സാഹചര്യതെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിരിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, തെളിവു നശിപ്പിക്കുന്നതിന്‍റെ ഭാഗമായി കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയും ചെയ്തു.
2013 ഒക്ടോബർ 29ന് അമ്മയും 2 കാമുകന്മാരും ചേർന്ന് 4 വയസ്സുകാരിയെ കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്നു കരുതി മൂവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന് വധശിക്ഷയും രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയുര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരിക്കാട്ടില്‍ ബേസിൽ കെ.ബാബു എന്നിവർക്ക് ജീവപര്യന്തവുമാണ് വിചാരണ കോടതി വിധിച്ചത്. എറണാകുളം അഡീഷനല്‍ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നൽകിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവയ്ക്കുന്നതിനായി സർക്കാർ നൽകിയ റഫറൽ ഹർജിയുമായിരുന്നു ഡിവിഷന്‍ ബെഞ്ചിന് മുൻപാകെയെത്തിയത്.
യുവതിയും ഒന്നാം പ്രതിയായ കാമുകനും മറ്റൊരു കാമുകനായ മൂന്നാം പ്രതി സഹോദരനാണെന്നു തെറ്റിദ്ധരിപ്പിച്ചും ചോറ്റാനിക്കരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. യുവതി അനാശാസ്യ പ്രവർത്തികൾ ചെയ്തിരുന്നെന്നും പ്രോസിക്യൂഷൻ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മറവു ചെയ്തു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന കാട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കുട്ടിയെ കൊലപ്പെടുത്തിയെന്നു മനസ്സിലായെന്നു പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നിരത്തിയ ഈ തെളിവുകളൊന്നും നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.