കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്ന് വീണ് തമിഴ്നാട് കാഞ്ചിപുരം സ്വദേശിക്ക് ദാരുണാന്ത്യം. ഇയാളെ ട്രെയിനിൽ നിന്ന് തളളിയിട്ടതാണെന്നാണ് സംശയം. ശനിയാഴ്ച രാത്രി 11.15 നാണ് സംഭവം. ട്രെയിനിന്‍റെ വാതില്‍ക്കല്‍ ഇരുന്ന് യാത്ര ചെയ്ത ആകാശ് (27) ആണ് മരിച്ചത്.
തള്ളിയിട്ടതാണെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മംഗളൂരു – കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ നിന്നാണ് വീണത്. വാതിലില്‍ ഇരുന്ന ആകാശ് ട്രെയിനിടയില്‍പ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
സംഭവസമയത്ത് ട്രെയിനിലുണ്ടായിരുന്നവരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കണ്ണൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, ആകാശ് വാതില്‍ക്കല്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ മാറിയിരിക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി.