'ചെയ്യാത്ത തെറ്റിന് നായയെ പോലെ അലയുകയാണ്'; 26 കിലോ സ്വർണം തട്ടിച്ച കേസിൽ ഒളിവിൽ നിന്ന് സന്ദേശമയച്ച് എടോടി ബാങ്ക് മുൻ മാനേജർ

വടകരയിലെ ഒരു പ്രാദേശിക ഓൺ ലൈൻ ചാനലിനാണ് 23 മിനിട്ട് ദൈർഘ്യമുള്ള വിഡിയൊ ഇയാൾ കൈമാറിയത്.
gold fraud
മധു ജയകുമാർ
Updated on

കോഴിക്കോട്: 17 കോടി രൂപയിൽപ്പരം വില വരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ മധു ജയകുമാർ ഒളിവിലിരുന്ന് മാധ്യമ സ്ഥാപനത്തിലേക്ക് വിഡിയൊ സന്ദേശമയച്ചു. വടകരയിലെ ഒരു പ്രാദേശിക ഓൺ ലൈൻ ചാനലിനാണ് 23 മിനിട്ട് ദൈർഘ്യമുള്ള വിഡിയൊ ഇയാൾ കൈമാറിയത്. സോണൽ മാനേജർ അരുണിനെതിരേ ഇയാൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

ചെയ്യാത്ത തെറ്റിന് ഞാന്‍ നായയെ പോലെ അലയുകയാണെന്ന് ഇയാൾ പറയുന്നു. സോണൽ മനേജറുടെ നിർദേശപ്രകാരമാണ് ബാങ്കിൽ ഗോൾഡ് പണയം വെച്ചത്. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് പണയപ്പെടുത്തിയത്. അവർക്ക് 15-ഓളം ബ്രാഞ്ചുകൾ ഉണ്ട്. ഒരു വർഷം മുമ്പ് അരുൺ എന്ന സോണൽ മാനേജറാണ് ഇവരെ പറഞ്ഞ് വിടുന്നത്.

എല്ലാ ബ്രാഞ്ചുകൾക്കും നിർദേശം നൽകി. എട്ട് ശതമാനം പലിശക്ക് അഗ്രികൾച്ചറൽ ലോൺ ആയാണ് പണയം. ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പും സോണൽ മാനേജറുമായി ബന്ധം ഉണ്ടെന്ന് എനിക്ക് സംശയം ഉണ്ട്. ചാത്തൻ കണ്ടത്തിൽ ഗ്രൂപ്പിന്‍റെ ഗോൾഡ് ആദ്യം പണയം വെച്ചത് മലപ്പുറം ബ്രാഞ്ചിലാണെന്ന് സന്ദേശത്തിൽ പറയുന്നു. താൻ മിസ്സിങ് അല്ലെന്നും അച്ഛന് ‌അസുഖമായതിനാൽ ലീവ് എടുത്താണ് പോന്നതെന്നും ഇയാൾ പറയുന്നു.

മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധു ജയകുമാർ (34) 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. റീ അപ്രൈസൽ നടപടിയിലാണു ക്രമക്കേട് മനസ്സിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞു. ഇപ്പോഴത്തെ മാനേജർ ഈസ്‌റ്റ് പള്ളൂർ റുക്‌സാന വില്ലയിൽ ഇർഷാദിന്‍റെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.

2021ൽ ഇവിടെ ചാർജെടുത്ത മധു ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്കു സ്‌ഥലം മാറ്റിയിരുന്നു. എന്നാൽ പാലാരിവട്ടത്ത് ചാർജെടുത്തിട്ടില്ല.

Trending

No stories found.

Latest News

No stories found.