നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവ്
actress assault case: Supreme Court grants bail to Pulsar Suni
നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യംfile
Updated on

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പുകളെ തള്ളിയാണ് സുപ്രീംകോടതി കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിന് (പള്‍സര്‍ സുനി) ജാമ്യം നല്‍കിയത്.

കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്നും ദീലീപിന്‍റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പൾസർ സുനി കോടതിയിൽ വാദിച്ചു. ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിചാരണ അടുത്തെങ്ങും തീരില്ലെന്ന് കരുതുന്നതായും നിരീക്ഷിച്ച കോടതി ഇതെന്തുതരം വിചാരണയാണെന്നും ചോദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു.

വിചാരണ കോടതി നടപടികളെ സുപ്രീംകോടതി ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാം. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ജാമ്യം നൽകിയതിനെ സംസ്ഥാനം ശക്തമായി എതിർത്തു.

കേസിൽ സംസ്ഥാന സര്‍ക്കാരിനെയും പ്രോസിക്യൂഷനെയും സുപ്രീംകോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ട വിസ്താരത്തെ എതിര്‍ക്കാതിരുന്നതെന്ന് കോടതി ചോദിച്ചു. വിചാരണ അനന്തമായി നീളുകയാണെന്നും, കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത് അംഗീകരിച്ച സുപ്രീംകോടതി, സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ, പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി.

Trending

No stories found.

Latest News

No stories found.