
തിരുവനന്തപുരം: രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആശ്വാസമായി എയർ ഇന്ത്യ എക്സ് പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 9.45 ഓടെ ദമ്മാമിലേക്ക് പുറപ്പെട്ടതായിരുന്നു എയർ ഇന്ത്യ എക്സ് പ്രസ് വിമാനം. സാങ്കേതിക തകരാറുകളെ തുടർന്ന് കരിപ്പൂരിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അടിയന്തര ലാൻഡിങ്ങിനായി തിരിച്ചു വിടുകയായിരുന്നു.
ഈ വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്‍റെ അളവ് കുറച്ച ശേഷമായിരുന്നു ലാന്‍ഡിങ്. വിമാനം റൺവേയിൽ നിന്നും മാറ്റി. കരിപ്പൂരിൽ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ വിമാനത്തിന്‍റെ പിൻ ഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്‍റെ തകരാറാണെന്നാണ് സംശയം. ഇതിനെതുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയത്.