ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം അതിരുകവിഞ്ഞ ആനപ്രേമം: എ.കെ. ശശീന്ദ്രൻ

അരിക്കൊമ്പൻ ദൗത്യം പരാജയമായിരുന്നെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി
ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം അതിരുകവിഞ്ഞ ആനപ്രേമം: എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി ഭീതിപരത്തിയ കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിലേക്ക് നീങ്ങിയാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം അമിതമായ ആനപ്രേമമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

നിലവിലുള്ള സ്ഥിതിഗതികൾ വനം വകുപ്പ് പരിശോധിക്കും. അരിക്കൊമ്പനെതിരായ നടപടിക്ക് ഹൈക്കോടതി ഉപദേശം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ആനയിപ്പോൾ തമിഴ്നാടിന്‍റെ പരിധിയിലാണ്, തമിഴ്നാട് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

''ആനയെ ഉൾക്കാട്ടിലേക്ക് വിട്ടിട്ട് കാര്യമില്ലെന്ന നിലപാടാണ് സർക്കാരിനുണ്ടായിരുന്നത്. എന്നാൽ, കോടതി വിധി വന്നാൽ അതനുസരിച്ചല്ലേ പറ്റൂ, എന്നാൽ നാളെ അനുകൂലമായ കോടതി വിധി വന്നുകൂടായ്കയില്ല. അതിരുകവിഞ്ഞ ആന സ്നേഹത്തിന്‍റെ പുറത്ത് ആനപ്രേമികൾ കോടതിയെ സമീപിച്ചതുകൊണ്ടുണ്ടായ പ്രശ്നമാണിത്'', മന്ത്രി പറഞ്ഞു.

അതേസമയം, അരിക്കൊമ്പൻ ദൗത്യം പരാജയമായിരുന്നെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. അരിക്കൊമ്പൻ കമ്പം മേഖലയിൽ ഇറങ്ങിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ കാടുകടത്തുന്ന എന്നത് വിദേശ രാജ്യങ്ങളിൽ പോലും ഫലം കാണാത്ത കാര്യമാണെന്നും ജോസ് കെ. മാണി.

വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com