
തിരുവനന്തപുരം: ഓൾ പാസ് അപകടകരമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. പരീക്ഷകളിൽ മിനിമം മാർക്ക് സംവിധാനം നടപ്പിലാക്കണമെന്നും ഇപ്പോഴത്തെ കുട്ടികൾക്ക് അക്ഷരതെറ്റില്ലാതെ എഴുതാൻ കഴിയുന്നില്ലെന്നും ജയരാജൻ പറഞ്ഞു. മിനിമം മാർക്ക് നിശ്ചയിക്കുന്നത് ശരിയല്ലെന്നാണ് ചർച്ച. എന്നാൽ മിനിമം മാർക്ക് നേടിയാലെ ജയിക്കാൻ പാടുള്ളൂ. മിനിമം മാർക്ക് നടപ്പിലാക്കണമെന്ന സർക്കാർ സമീപനമാണ് ശരിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
നേരത്തെ ഹൈസ്കൂളിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചോദ‍്യപേപ്പർ കടുപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക് ഈ വർഷം എട്ടാം ക്ലാസ് മുതൽ നടപ്പാക്കാനാണ് നീക്കം. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും നിർബന്ധമാക്കും. നിരന്തരമൂല‍്യ നിർണയത്തിൽ 20 മാർക്ക് നേടിയാലും എഴുത്തുപരീക്ഷയിൽ 30 ശതമാനം നേടിയെങ്കിൽ മാത്രമെ ജയിക്കാനാവൂ.