
കൊച്ചി: കേരളത്തിൽ ഐഎസ് മോഡൽ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഇതു തകർത്തെന്നും എന്‍ഐഎ വെളിപ്പെടുത്തൽ.
"പെറ്റ് ലവേഴ്സ്" എന്ന പേരിൽ ഐഎസ് മോഡൽ സംഘടന ടെലിഗ്രാം ഗ്രൂപ്പ് വരെ ആരംഭിച്ചിരുന്നു എന്നാണ് വിവരം. ചെന്നൈയിൽ നിന്നു പിടിയിലായ തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദിൽനിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
ഈ മാസം ആറിനാണ് ഇയാൾ എന്‍ഐഎയുടെ പ്രത്യേക സംഘത്തിന്‍റെ പിടിയിലാവുന്നത്. വ്യാജ രേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈയിൽ വച്ച് അറസ്റ്റിലാകുകയായിരുന്നു.
പണത്തിനായി പാലക്കാടും തൃശൂരുമുള്ള ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നതായി പ്രതി മൊഴി നൽകി. ഐഎസ് മോഡലിൽ കേരളം കേന്ദ്രീകരിച്ച് തീവ്രവാദ സംഘടന രൂപീകരിക്കാനായിരുന്നു ലക്ഷ്യം. ഇതര സമുദായത്തിൽപ്പെട്ട നേതാക്കളെ വധിക്കാനും പദ്ധതിയിട്ടു. ക്രൈസ്തവ മതപണ്ഡിതരുള്ളപ്പടെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ടായിരുന്നതായി നബീൽ മൊഴി നൽകി.
നബീലിനെ കസ്റ്റഡിയിൽ ചോദ്യെ ചെയ്തതിൽ നിന്നാണ് എന്‍ഐഎയ്ക്ക് കേരളത്തിലെ നീക്കങ്ങൽ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തൃശൂർ സ്വദേശിയായ ഇയാൾ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്.
ഈ സംഘത്തിന്‍റെ സഹായത്തോടെ കേരളത്തിൽ ഇസ്ലാമിക സ്റ്റേറ്റിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്താനായിരുന്നു നീക്കം. കേരളത്തിൽ നിന്നും സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്‍റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു. മൊഡ്യൂളുമായി ബന്ധപ്പെട്ട് 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഭാഗമായ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിക്കാനാണ് എന്‍ഐഎയുടെ നീക്കം.