
തൃശൂർ: കേരളത്തില്‍ നാട്ടാനകളുടെ എണ്ണം കുറയുന്നതിനിടെ ചികിത്സയുടെ പേരില്‍ ഊട്ടോളി പ്രസാദ് എന്ന ആനയെ നാടുകടത്താന്‍ ശ്രമം. ഉടമയില്‍ നിന്ന് ഏറ്റെടുത്ത് കോടനാട് ആന ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവിട്ടു. ഇടത് മുന്‍കാലിന് ചെറിയ വൈകല്യമുള്ള ആനയെ വിദഗ്ധ ചികിത്സയുടെ പേരിലാണ് കോടനാട്ടേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
രണ്ടാഴ്ചയ്ക്കകം ആനയെ ഏറ്റെടുക്കാന്‍ എറണാകുളം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററോട് നിർദേശിച്ചിട്ടുണ്ട്. രണ്ട് മാസം ചികിത്സിച്ച് ആരോഗ്യ പുരോഗതി വിലയിരുത്താനും നിര്‍ദേശമുണ്ട്. ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഹൈ പവേഡ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ്.
മുന്‍പ് ഈ ആനയെ ഗുജറാത്തിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നു വെച്ചതായി ഉടമ ഊട്ടോളി കൃഷ്ണന്‍കുട്ടി പറഞ്ഞു. 20 വര്‍ഷത്തോളമായി പരിപാലിക്കുന്ന ആനയെ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സിച്ച് ഭേദമാക്കാമെന്ന് കരുതി തന്നെയാണ് ആനയെ ആദ്യം ഏറ്റെടുത്തത്. പിന്നീട് നല്‍കാവുന്ന മികച്ച ചികിത്സകളെല്ലാം ലഭ്യമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഇനി ഒരിടത്തും ചികിത്സിച്ചിട്ട് ഫലമുണ്ടാകില്ലെന്ന് വിദഗ്ധരെല്ലാം പറഞ്ഞു.
ആപത്തുകാലത്തും ആനയെ പരിചരിച്ചുപോകുന്നതിനിടെ ഇത്തരത്തില്‍ ഉത്തരവിറക്കിയത് ആനക്കടത്തിന് സഹായിക്കുന്ന ചില ഇടനിലക്കാര്‍ക്ക് വേണ്ടിയാണെന്നും ഉടമ ആരോപിച്ചു. ഏറ്റെടുക്കുമ്പോള്‍ 45 ലക്ഷം നല്‍കാമെന്നാണ് പറയുന്നത്. എന്നാല്‍ ഈ തുക തനിക്ക് വേണ്ടെന്നാണ് ഉടമ പറയുന്നത്. 45 ലക്ഷത്തിന് കൊണ്ടുപോകുന്ന ആനയെ ഒന്നേകാല്‍ കോടി രൂപയ്ക്ക് മറിച്ചുവില്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന ഗുരുതര ആരോപണമാണ് ഉടമ കൃഷ്ണന്‍കുട്ടി ഉന്നയിക്കുന്നത്.