
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭത്തിൽ നിർണായക കണ്ടെത്തൽ. വാഹനത്തിൽ ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നും അതാണ് തീ ആളി കത്താൻ കാരണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിഗമനം.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെങ്കിലും പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പികളാണ് തീ ആളിപ്പടരാൻ കാരണമെന്നും എയർ പ്യൂരിഫയർ അപകടത്തിന് ആഘാതം കൂട്ടിയെന്നും മേട്ടോർ വാഹന വകുപ്പ് പറയുന്നു.
ഇന്നലെയാണ് കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ വെന്തുമരിച്ചത്. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് വെന്തുമരിച്ചത്. ജില്ലാ ആശുപത്രിയിലേക്ക് പൂർണ്ണഗർഭിണിയുമായി പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുന്‍പായി കാർ കത്തുകയായിരുന്നു. ഒപ്പം കാറിലെ പിൻ സീറ്റിലുണ്ടായിരുന്നവർ യാതൊരു പരിക്കുകളുമില്ലാതെ രക്ഷപെടുകയും ചെയ്തു.