കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ കേന്ദ്ര ഏജൻസികൾ

സംഭവത്തിനു മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും അന്വേഷണ സംഘം നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ
Dominic Martin, Blast site in kalamassery.
Dominic Martin, Blast site in kalamassery.

കൊച്ചി: കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര കൺവൻഷൻ സെന്‍ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയ ഡൊമിനിക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ. മാർട്ടിൻ തനിച്ചാണ് കൃത്യം നടത്തിയതെന്ന അവകാശവാദവും കേന്ദ്ര ഏജൻസികൾ തള്ളി. സംഭവത്തിനു മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും അന്വേഷണ സംഘം നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്‌.

ഗൾഫിലായിരുന്ന മാർട്ടിന്‍റെ കൂടുതൽ ബന്ധങ്ങൾ ചികഞ്ഞെടുക്കുകയാണ് എൻഐഎയും ഐബിയും. മാർട്ടിന് ബംഗ്ലാദേശിലെ ചില ഗ്രൂപ്പുകളുമായുള്ള ബന്ധവും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ഇയാൾ ഗൾഫിൽ ജോലി ചെയ്തിരുന്ന സ്ഥാപനവുമായി കേന്ദ്ര ഏജൻസികൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളോടൊപ്പം ജോലി ചെയ്തിരുന്നവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ ഐബി ശേഖരിച്ചു.

ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയും കേന്ദ്ര ഏജൻസികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാൾ പരീക്ഷണ സ്ഫോടനം നടത്തിയതായും ഐബി സംശയിക്കുന്നു. നടന്നതു ഭീകരാക്രമണമാണെന്ന വിലയിരുത്തലിൽ തന്നെയാണു കേന്ദ്ര ഏജൻസികൾ മുന്നോട്ട് പോകുന്നത്.

ഡൊമിനിക് എന്ന വ്യക്തിക്കപ്പുറത്തേക്ക് അന്വേഷണം നീളരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് ഓരോ തെളിവും ഇയാൾ സൂക്ഷിച്ചിരുന്നത്. ഇതും കേന്ദ്ര ഏജൻസികൾ സംശയദൃഷ്ടിയോടെയാണു കാണുന്നത്. മാർട്ടിന്‍റെ സാമ്പത്തിക സ്രോതസും അന്വേഷണ പരിധിയിലുണ്ട്. ഭാര്യാമാതാവും ബന്ധുവും പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇയാൾ സ്‌ഫോടനം നടത്തിയതു ബാഹ്യപ്രേരണയ്ക്ക് തെളിവാണെന്നും കേന്ദ്ര ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.

പ്രതിയെ തീവ്രവാദ സംഘങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ തന്നെയാണു ദേശീയ അന്വേഷണ ഏജൻസികൾ. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ പുരോഗതി വിലയിരുത്തിയ ശേഷമാകും കേന്ദ്ര ഏജൻസികൾ കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കുക. നിലവിൽ സംയുക്ത സംഘമാണു മാർട്ടിനെ ചോദ്യം ചെയ്യുന്നത്.

ഗൾഫിൽ നിന്നു മടങ്ങിയെത്തിയ ശേഷം അയൽവാസികളുമായി പോലും അധികം ബന്ധം പുലർത്താതിരുന്ന മാർട്ടിൻ സ്ഫോടനശേഷം ഏറെ ദൂരം സന്ദർശിച്ച് കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങിയത് എന്തിനെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. മാർട്ടിന്‍റെ കൊടകര ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇത്രയ്ക്ക് കടുത്ത പക മനസിൽ സൂക്ഷിച്ചിരുന്നുവെങ്കിൽ റിമോട്ട് കൺട്രോളർ ഉപയോഗിച്ചുള്ള സ്‌ഫോടനം നടത്തും മുൻപ് മാർട്ടിൻ ഇത് പരീക്ഷിച്ചിട്ടുണ്ടാകും എന്നു തന്നെയാണ് അന്വേഷണ സംഘം കരുതുന്നത്.

മാത്രമല്ല, വിശ്വാസത്തിനെതിരായ പകയായിരുന്നുവെങ്കിൽ വിശ്വാസികളെ ടാർഗറ്റ് ചെയ്യുന്നതിന് പകരം നേതൃത്വം കൊടുക്കുന്നവരിലേക്കായിക്കും സ്വാഭാവികമായും ശ്രദ്ധ കേന്ദ്രീകരിക്കുക. അതിരാവിലെ ബോംബ് സ്ഥാപിക്കാനായി കൺവൻഷൻ സെന്‍ററിനുള്ളിൽ എത്തുമ്പോൾ മുൻനിരയിലടക്കം ബോംബ് സ്ഥാപിക്കാൻ ഇയാൾക്ക് അവസരവുമുണ്ടായിരുന്നു. ഒരു കാരണവശാലും സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം മറ്റൊരാളിലേക്കു പോകരുതെന്ന മാർട്ടിന്‍റെ നിർബന്ധവും കേന്ദ്ര ഏജൻസികൾ സംശയത്തോടെയാണു കാണുന്നത്. മാർട്ടിന്‍റെ കഴിഞ്ഞ രണ്ട് വർഷത്തെ ഫോൺകോളുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com