
തിരുവനന്തപുരം മെഡിക്കൽ കോളെജ്
തിരുവനന്തപുരം: നഴ്സിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൂട്ടിരിക്കാൻ വന്നവർ ആശുപത്രിയിലെ മെയിൽ നഴ്സായ ജഗിൽ ചന്ദ്രനെ ആക്രമിച്ചതായാണ് പരാതി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. നവാസ് എന്ന രോഗിക്ക് കൂട്ടിരിക്കാൻ പത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും ചികിത്സയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ രണ്ടു പേർ മാത്രം നിന്നിട്ട് മറ്റുള്ളവേരാട് പുറത്തേക്ക് പോകാൻ ജഗിൽ ചന്ദ്രൻ ആവശ‍്യപ്പെടുകയായിരുന്നു.
എന്നാൽ, ഇതിൽ പ്രകോപിതരായ കൂട്ടിരിപ്പുകാർ സംഘം ചേർന്ന് മർദിക്കുകയും അസഭ‍്യം പറയുകയും ചെയ്തതായാണ് പരാതി. പിടിച്ചുമാറ്റാൻ ചെന്ന ഡ‍്യൂട്ടിയിലുണ്ടായ നഴ്സിനെ സംഘം അസഭ‍്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ഗവ. നഴ്സ് യൂണിയൻ.