

വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല; കോൺഗ്രസ് പ്രവർത്തകൻ സ്ഥാനാർഥി പര്യടനത്തിനിടെ രക്തം വാർന്ന് മരിച്ചു
ആലപ്പുഴ: സ്ഥാനാർഥി പര്യടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ രക്തം വാർന്നു മരിച്ചു. ചമ്പക്കുളം കറുകയിൽ വീട്ടിൽ രഘു(53) ആണ് വേരിക്കോസ് വെയിൻ പൊട്ടിയതിനെ തുടർന്നു രക്തം വാർന്ന് മരിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഉദയകുമാറിന്റെ സ്ഥാനാർഥി പര്യടനത്തിനിടെ ഇന്നലെയാണ് സംഭവം.
അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു. വേരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്നു പോകുന്ന വിവരം രഘു അറിഞ്ഞില്ല. വാഹനത്തിലായിരുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടുമില്ല. സ്ഥാനാർഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് രക്തം വാർന്നുപോകുന്ന വിവരം അറിഞ്ഞത്.
ഉടൻതന്നെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. കോൺഗ്രസിന്‍റേയും ഐഎൻടിയുസിയുടെയും സജീവപ്രവർത്തകനാണു രഘു. ഭാര്യ: സിന്ധു. മക്കൾ: വിശാഖ്(ഖത്തർ), വിച്ചു. മരുമകൾ: അരുന്ധതി.