
തിരുവനന്തപുരം: കർണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി നേതാക്കൾ. കോൺഗ്രസിനെ വിമർശിച്ച് ഇ.പി. ജയരാജനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും രംഗത്തെത്തി.
ദേശീയ രാഷ്ട്രീയത്തെ ശരിയായി നോക്കിക്കാണാൻ കോൺഗ്രസിന് ഇപ്പോഴും കഴിയുന്നില്ല. ഈ നിലപാടാണെങ്കിൽ കർണാടകയിൽ അധിക നാൾ ഭരിക്കില്ലെന്ന് ഇപി കുറ്റപ്പെടുത്തി.
പിണറായിക്ക് ക്ഷണമില്ലാത്തത് ശരിയായ സമീപനമല്ലെന്നായിരുന്നു പ്രകാശ് കാരാട്ടിന്‍റെ പ്രതികരണം. "പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല, കോൺഗ്രസ് സങ്കുചിത താൽപര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. വിശാല മതേതരത്വ സഖ്യം സംരക്ഷിക്കണം'' എന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
എന്നാൽ കേരള മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിക്കാത്തിൽ വിശദീകരണവുമായി എഐസിസി ജനറൽ സെക്രട്ടറി രംഗത്തെത്തി. പാർട്ടി നേതാക്കളെയാണ് ചടങ്ങിൽ ക്ഷണിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച്ചയാണ് കർണാടയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 19 മന്ത്രിമാർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. ബിജെപി ഇതര പാർട്ടിയിലെ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി പ്രതിപക്ഷ സംഗമവേദിയാക്കാനാണ് കോൺഗ്രസ് തീരുമാനം. നാളെ 12.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.