
കോഴിക്കോട്: ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനെത്തുടർന്ന് കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാര്‍ഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമര്‍ദനം. ഒന്നാം വര്‍ഷ ഫാഷൻ ഡിസൈൻ വിദ്യാര്‍ഥി മുഹമ്മദ് റിഷാനാണ് മര്‍ദനമേറ്റത്.
മുഖത്തും കണ്ണിനു താഴെയും ഗുരുതര പരുക്കേറ്റ മുഹമ്മദ് റിഷാൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് റിഷാന്‍റെ സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഹമ്മദ് റിഷാനും സുഹൃത്തുക്കളും കോളജിനുള്ളില്‍ നില്‍ക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീനിയേഴ്സ് ഇവരെ ഭീഷണിപ്പെടുത്തുകയും ചിത്രം ഡിലീറ്റ് ചെയ്തില്ലെങ്കില്‍ തിങ്കളാഴ്ച മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഓഡിയോ സന്ദേശം അയക്കുകയും ചെയ്തു. തര്‍ക്കത്തില്‍ 20ഓളം സീനിയേഴ്സ് മുഹമ്മദ് റിഷാനെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയായിരുന്നു.