കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കല്‍ കോളെജില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മൃതദേഹം മെഡിക്കല്‍ കോളെജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സാണ് ഹൈക്കോടതിയെ സമീപിച്ചത്.
മകളുടെ ഭാഗം കൂടി കേട്ട് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും അനാട്ടമി ആക്ട് അനുസരിച്ച് മെഡിക്കല്‍ കോളെജിന് അന്തിമ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി ഉത്തരവായി.
മെഡിക്കല്‍ കോളെജിന് കൈമാറണമെന്നുള്ള രേഖകള്‍ എന്തെങ്കിലുമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് രേഖകളൊന്നുമില്ല, അടുപ്പക്കാരോട് പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ എന്നായിരുന്നു മകന്‍റെ പ്രതികരണം. രണ്ട് മക്കള്‍ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. മകള്‍ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കല്‍ കോളെജില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.