തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചെന്നും വിഷയത്തില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ട പരാതിയിൽ ഭരണതലത്തിലുള്ള പരിശോധനയാണ് വേണ്ടത്. പൊലീസിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഡിജിപി നേതൃത്വം നല്‍കുന്ന സംഘത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭിക്കുമെന്നാണ് കാണുന്നത്. ആ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിതലത്തില്‍ പരിശോധിക്കേണ്ട എന്തെങ്കിലുമുണ്ടെങ്കില്‍ പരിശോധിക്കും. തെറ്റായ നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശനമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സംബന്ധിച്ച് ഒരു പരാതിയും അന്‍വര്‍ പാര്‍ട്ടിക്ക് എഴുതിത്തന്നിട്ടില്ല. അതുകൊണ്ട് അത്തരത്തില്‍ പരിശോധന നടത്തേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ അതിന് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കും.
ഒരു പാര്‍ലമെന്‍ററി പാര്‍ട്ടി അംഗമായ ജനപ്രതിനിധി എന്ന നിലയില്‍ പി.വി. അന്‍വര്‍ ഇങ്ങനെയല്ല നിലപാട് സ്വീകരിക്കേണ്ടതെന്നും, പരസ്യമായി പറയുകയല്ല വേണ്ടതെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. അഴിമതി കണ്ടെത്താന്‍ കെ.ടി. ജലീലിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ല. പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയെന്നതാണ് സിപിഎമ്മിലെ സമീപനമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.