തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പൊലീസ് അസോസിയേഷൻ യോഗത്തിലും വിമർശനം. സമാന്തര ഇന്‍റലിജൻസ് ഉണ്ടാക്കി അജിത് കുമാർ പൊലീസുകാരെ നിരീക്ഷിക്കുന്നതായാണ് വിമർശനം. എസ്‍പിമാർക്കു മേൽ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിന്‍റെ ഭാരം പൊലീസുകാരിലേക്കെത്തുന്നുവെന്നും പ്രതിനിധികൾ പൊലീസ് അസോസിയേഷൻ യോഗത്തിൽ കുറ്റപ്പെടുത്തി.
അതിനിടെ, കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിൽ, മുഖ്യമന്ത്രി പിണറായി വിജയനും, എഡിജിപി എം.ആര്‍. അജിത് കുമാറും പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും നിർണായക കൂടിക്കാഴ്ച നടത്തി. അജിത് കുമാര്‍ അടക്കമുള്ളവര്‍വര്‍ക്കെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനത്തില്‍ മൂവരും വേദി പങ്കിടാനിരിക്കെയാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇത്തരത്തില്‍ ഒരു അന്വേഷണത്തിന് താത്പര്യമുണ്ടെന്ന് എഡിജിപി തന്നെ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.