
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയ്ക്കെതിരേ വീണ്ടും സൈബർ ആക്രമണം. കംപ്യൂട്ടറുകള്‍ക്കു പുറമെ സിഎംഒ പോര്‍ട്ടല്‍, വിവിധ ആപ്ലിക്കേഷനുകൾ, പൊലീസ് വെബ്‌സൈറ്റ്, സ്പാര്‍ക്ക് തുടങ്ങിയവയുടെ യൂസര്‍ നെയിം പാസ്‌വേഡ്, ഇമെയില്‍ എന്നിവയും ഹാക്ക് ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം ഒന്‍പതിനോ അതിന് മുമ്പോ ആയിരിക്കാം ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്. ഹാക്ക് ചെയ്തവരുടെ ഐ.പി വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ ഐടി ആക്റ്റിലെ 43, 66 വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. വ്യക്തി വിവരങ്ങൾ ഉൾപ്പെടെ വലിയ ഡാറ്റാ ചോർച്ചയാണു സംഭവിച്ചതെന്നാണു വിലയിരുത്തൽ. ഒരു മാസം മുമ്പ് നടന്ന സൈബർ ആക്രമണം പൊലീസ് അറിയുന്നത് കഴിഞ്ഞ 23നാണ്. അപ്പോഴേക്കും പൊലീസിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷൻ യൂസർ നെയ്മും പാസ്‌വേഡും ഉൾപ്പെടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർന്നു. ക്രിമിനലുകളുടെ വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയൽ എ കോപ്പ്, പോൽ ആപ്പ് -ഐ ആപ്പ്സ് -സിസിടിഎൻഎസ് എന്നീ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളുടെ വിവരങ്ങളാണു ചോർന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരമുള്ള സ്പാർക്ക് ഉൾപ്പടെ ഹാക്ക് ചെയ്താണു ഡാറ്റ ചോർത്തിയത്. സൈബർ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സ്വകാര്യ കംപ്യൂട്ടർ ഹാക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. തുടർന്ന് സമാന സംഭവങ്ങൾ മറ്റിടങ്ങളിലും ഉണ്ടായതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഹാക്ക് ചെയ്ത വിവരം തിരിച്ചറിഞ്ഞ ശേഷം ആപ്ലിക്കേഷനുകളുടെ പാസ്വേഡും യൂസർനെയ്മും മാറ്റിയാണ് അക്കൗണ്ടുകൾ തിരിച്ചെടുത്തത്. നേരത്തെ പൊലീസിന്‍റെ സമൂഹ്യമാധ്യമ അക്കൗണ്ടുകളടക്കം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നത് ആദ്യമായെന്നാണു പൊലീസ് വൃത്തങ്ങളുടെ നിഗമനം.