വിനാശകാരികളായ ചെറുചുഴലികൾ പതിവാകും

ചെറിയ സമയത്തേക്കു മാത്രം നീണ്ടുനിൽക്കുന്നതും, ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്നതും, എന്നാൽ അത്യന്തം വിനാശകാരികളുമായ ചെറുചുഴലിക്കാറ്റുകളും ശക്തമായ മഴയും കേരളത്തിൽ സാധാരണമായിക്കഴിഞ്ഞു
വിനാശകാരികളായ ചെറുചുഴലികൾ പതിവാകും

# അജയൻ

കൊച്ചി: കൊവിഡ് അനന്തര കാലഘട്ടത്തിൽ ഉപയോഗിച്ചുതുടങ്ങിയ പ്രയോഗമാണ് 'ന്യൂ നോർമൽ'. എന്നാൽ, കേരളത്തെ സംബന്ധിച്ച് ഇപ്പോൾ ഈ പ്രയോഗം കൂടുതൽ യോജിക്കുക പ്രാദേശികമായി രൂപം കൊള്ളുന്ന ചെറു ചുഴലിക്കാറ്റുകൾക്കാണ്. ഏതാനും വർഷം മുൻപ് വരെ സംസ്ഥാനത്തിന് അന്യമായിരുന്ന ഈ പ്രതിഭാസം ഇവിടെയിപ്പോൾ അത്രയേറെ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു.

ചെറിയ സമയത്തേക്കു മാത്രം നീണ്ടുനിൽക്കുന്നതും, ചെറിയ പ്രദേശത്തെ മാത്രം ബാധിക്കുന്നതും, എന്നാൽ അത്യന്തം വിനാശകാരികളുമായ ഈ കാറ്റിനൊപ്പം അതിശക്തമായ മഴയും പെയ്യുന്നതാണ് രീതി. വ്യാപകമായി വേനൽമഴ പെയ്യേണ്ട സമയത്തും ഇത്തരത്തിൽ പ്രാദേശികമായ ചെറുചുഴലികൾ രൂപപ്പെട്ടുകയും വലിയ തോതിൽ വിളനാശം സംഭവിക്കുകയും കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നു പോകുകയും ചെയ്യുന്ന സംഭവങ്ങൾ പുതിയ കാര്യമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്ത് സംഭവിച്ചതും ഇതു തന്നെയാണ്. രണ്ടു മാസം മുൻപ് തൃശൂർ ജില്ലയിലെ കൊടകരയിൽ മൂന്ന് മിനിറ്റ് മാത്രം നീണ്ട ഒരു ചെറുചുഴലിയിൽ മരങ്ങൾ കടപുഴകി വീണു, ആയിരത്തിലധികം വാഴ നശിച്ചു. മിനി-ടൊർണാഡോ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഇനിയങ്ങോട്ട് പതിവായി പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

പ്രാദേശികമായി രൂപപ്പെടുന്ന കാറ്റ് ചുഴലിപോലെ ചുറ്റിത്തിരിയുകയും, ചോർപ്പിന്‍റെ ആകൃതയിൽ ഭൂമിയിലേക്ക് ഇറങ്ങുകയുമാണ് ചെയ്യുന്നത്. ഇതിനൊപ്പം പൊടിപടലങ്ങൾ ഉയർന്നു പൊങ്ങുകയും കാറ്റിനൊപ്പം വട്ടത്തിൽ ചുറ്റുകയും ചെയ്യും. സഞ്ചാരപാതയിൽ വരുന്ന മരങ്ങളും കെട്ടിടങ്ങളും തോട്ടങ്ങളുമെല്ലാം തകരും.

ഡോ. എസ്. അഭിലാഷ്
ഡോ. എസ്. അഭിലാഷ്

ആഗോള താപനത്തിന്‍റെ പ്രാദേശികമായ പ്രത്യക്ഷ അനുഭവമാണിതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ അറ്റ്‌മോസ്‌ഫറിക് സയൻസ് വിഭാഗം സീനിയർ സയന്‍റിസ്റ്റ് ഡോ. എസ്. അഭിലാഷ് അഭിപ്രായപ്പെടുന്നു. ഒറ്റ ദിശയിൽ മാത്രം നീങ്ങുന്ന മൺസൂൺ കാറ്റിൽനിന്നു വ്യത്യസ്തമായി, ഈ ചെറുചുഴലികൾ പല ദിശയിൽ സഞ്ചരിക്കുകയും, പ്രാദേശികമായാണെങ്കിലും, താരതമ്യേന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യും.

പ്രാദേശികമായുണ്ടാകുന്ന പെരുമഴയുടെയും മേഘപാതത്തിന്‍റെയും ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവയെക്കുറിച്ച് നൽകാൻ സാധിക്കുന്ന മുന്നറിയിപ്പുകൾക്ക് 70-80 ശതമാനമായിരിക്കും കൃത്യത. ഒരാഴ്ച മുതൽ ഒരു ദിവസം വരെ മുൻപാണ് പൊതുവേ കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുവരുന്നത്. ഹ്രസ്വദൂര, ദീർഘദൂര ഷൂട്ടിങ് റേഞ്ചുകളിൽ ആവശ്യമായ ഉപകരണങ്ങൾ വ്യത്യസ്തമായിരിക്കും എന്നതുപോലെയാണ് ഈ പുതിയ പ്രതിഭാസത്തെക്കുറിച്ചുള്ള പ്രവചനത്തിനും വ്യത്യസ്തമായ ടൂളുകളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മുന്നറിയിപ്പുകൾ പ്രായോഗികമാണെന്നിരിക്കെ, ജനങ്ങൾ കരുതലോടെയിരിക്കാൻ വേണ്ട ബോധവത്കരണമാണ് ഇനി ആവശ്യമെന്നും ഡോ. അഭിലാഷ്.

മുന്നറിയിപ്പുകൾ പ്രായോഗികമാണെന്നിരിക്കെ, ജനങ്ങൾ കരുതലോടെയിരിക്കാൻ വേണ്ട ബോധവത്കരണമാണ് ഇനി ആവശ്യം

ഡോ. എസ്. അഭിലാഷ്, സീനിയർ സയന്‍റിസ്റ്റ്, അറ്റ്‌മോസ്‌ഫറിക് സയൻസ് വിഭാഗം, കുസാറ്റ്

അടുത്തിടെയുണ്ടായ മോക്ക ചുഴലിക്കാറ്റിന്‍റെ കാര്യത്തിൽ, ആഴ്ചകൾക്കു മുൻപു തന്നെ കൃത്യമായ പ്രവചനം നടത്താനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സാധിച്ചതു കാരണം വിലപ്പെട്ട അനവധി ജീവനുകൾ സംരക്ഷിക്കാൻ സാധിച്ചതിന്‍റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തവണത്തെ വേനൽച്ചൂടിന്‍റെ കാഠിന്യത്തെക്കുറിച്ച് പറയാത്ത ദിവസങ്ങൾ ഇപ്പോഴുണ്ടാകില്ല. കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവും കാരണം നഗരപ്രദേശങ്ങളിൽ അന്തരീക്ഷത്തിലെ ഈർപ്പം (Humidity) വർധിക്കുന്നതാണ് ചൂട് കൂടിയതായി തോന്നാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യഥാർഥത്തിൽ, 2016ൽ പാലക്കാട്ട് രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ് കേരളത്തിലെ ഉയർന്ന റെക്കോഡ് താപനില. അത്രയും ഉയർന്ന ചൂട് പിന്നീടിതുവരെ സംസ്ഥാനത്ത് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

കാലാവസ്ഥാ പ്രവചനം ഏറെക്കുറെ സമ്പൂർണ കൃത്യത ആർജിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരം മുന്നറിയിപ്പുകൾ ഉപയോഗപ്പെടുത്തി കാലാവസ്ഥാ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള ഫലപ്രദമായ പദ്ധതികൾ തയാറാക്കുകയും കാര്യക്ഷമമായി നടപ്പാക്കുകയുമാണ് വേണ്ടതെന്നും ഡോ. അഭിലാഷ് കൂട്ടിച്ചേർക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com