കണ്ണൂർ: ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നു പുറത്തായ ഇ.പി. ജയരാജൻ. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടർസംഭവങ്ങളുമെല്ലാം ആത്മകഥയിൽ തുറന്നെഴുതുമെന്ന് ജയരാജൻ വെളിപ്പെടുത്തി.
ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടൻ പുറത്തിറക്കുമെന്നും ജയരാജൻ പറഞ്ഞു. എല്ലാ കാര്യങ്ങളെക്കുറിച്ചും ആത്മകഥയിൽ പ്രതിപാദിക്കും. വിശദമായി എഴുതുന്നുണ്ടെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ആത്മകഥ പുറത്തിറക്കി ജയരാജൻ രാഷ്ട്രീയം വിടുമെന്ന അഭ്യൂഹം ശക്തമാണ്. രാഷ്ട്രീയം വിടുമോ എന്നത് ഒരു ഘട്ടം കഴിയുമ്പോൾ പറയുമെന്നാണു ജയരാജൻ പറയുന്നത്.
അതേസമയം, ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്നു നീക്കിയതിന് പിന്നാലെ സജീവ രാഷ്‌ട്രീയത്തിൽ അവധിയെടുക്കാൻ ആലോചിക്കുകയാണ് ഇപി. കൺവീനർ സ്ഥാനത്തു നിന്നു മാറ്റിയതോടെ പദവികളൊന്നുമില്ലാത്ത അവസ്ഥയിലായതിനാൽ തത്കാലത്തേക്ക് രാഷ്‌ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ ആലോചിക്കുന്നതായാണ് വിവരം. ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നൽകാനുള്ള തീരുമാനത്തിലാണ്.
അതേസമയം, കൺവീനർ സ്ഥാനത്തു നിന്നും നീക്കിയ നടപടിയില്‍ ജയരാജൻ ഇതേവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ തിരുവനന്തപുരത്ത് നിന്നും മടങ്ങിയ അദ്ദേഹം കണ്ണൂരിലെ വീട്ടിലുണ്ട്. പെട്ടെന്നൊരു പ്രതികരണത്തിനില്ലെന്നാണ് ഇ.പി അറിയിച്ചിരിക്കുന്നത്.