
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് യോഗത്തിലെ മഞ്ഞുരുക്കത്തെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കാൻ തീരുമാനം. ശനിയാഴ്ച തൃശൂരിലെത്തുന്ന ജാഥയിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ജാഥയുടെ പാലക്കാട് ജില്ലയിലെ പര്യടനം വടക്കഞ്ചേരിയിൽ സമാപിച്ചു. രാവിലെ പാലക്കാട് കുളപ്പുള്ളിയിൽ എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനത്തിനു ശേഷം ജാഥ തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും.
സിപിഎമ്മിലെ പടലപ്പിണക്കങ്ങളുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം വിഷയം നിയമസഭയിൽ വരെ ചർച്ചയാക്കിയതോടെയാണ് പാർട്ടി ഇടപെട്ട് ജയരാജനെ ജാഥയിലെത്തിക്കുന്നത്. സംസ്ഥാന സമിതി യോഗത്തിൽ പി. ജയരാജൻ ഉന്നയിച്ച റിസോർട്ട് സാമ്പത്തിക ആരോപണത്തിന് പിന്നാലെയാണ് ഇ.പി. ജയരാജൻ പാർട്ടി വേദികളിൽ നിന്നും മാറിനടന്നു തുടങ്ങിയത്.
എന്നാൽ, ജാഥയിൽ പങ്കെടുക്കില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ.പി. ജയരാജൻ മറുപടി നൽകി. താൻ ജാഥയിൽ അംഗമല്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ പ്രസക്തമല്ല. എല്ലാവരും ജാഥയുടെ ഭാഗമാണ്. എല്ലാവരും പങ്കെടുത്തേ മതിയാകൂ- ജയരാജൻ പറഞ്ഞു.
അതേസമയം, തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്നും പറയേണ്ട സമയത്ത് പേര് പറയുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ഗൂഢാലോചന പാർട്ടിക്കു പുറത്താണോ എന്ന ചോദ്യത്തിന് അത് എന്റെ അഭിപ്രായമായി എഴുതേണ്ടതില്ല എന്നായിരുന്നു ജയരാജന്റെ മറുപടി. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് ഇപ്പോൾ പറയുന്നതിന് തടസമൊന്നുമില്ല. എങ്കിലും പറയേണ്ടതില്ലെന്ന് തോന്നുന്നതിനാൽ പറയുന്നില്ല. മാധ്യമ രംഗത്തുള്ളവരോട് ചോദിച്ചാൽ തന്നെ അത് മനസിലാക്കാം.
വൈദേകം റിസോർട്ടിൽ ആദായ നികുതി റെയ്ഡ് നടന്നിട്ടില്ല. വ്യവസായ സംരംഭകരെ സഹായിക്കാൻ സാധ്യമായത് ചെയ്തുകൊടുക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു കൂടിയാണ് സ്വന്തം ജില്ലയിലെ സ്ഥാപനത്തിലെ കാര്യം അന്വേഷിച്ചതെന്നും ജയരാജൻ പറഞ്ഞു.