എറണാകുളം - ഷൊർണൂർ റെയിൽ ട്രാക്ക് ഡിപിആർ നവംബറിൽ
ജിബി സദാശിവൻ
കൊച്ചി: ഏറെക്കാലമായി കാത്തിരിക്കുന്ന എറണാകുളം - ഷൊർണൂർ റെയിൽ കോറിഡോറിന്‍റെ മൂന്നും നാലും ട്രാക്കുകൾക്കായുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) നവംബറിൽ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കും. ഇതിനായുള്ള സർവേകളും അനുബന്ധ ജോലികളും പൂർത്തീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയാണിത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ ബഹുഭൂരിപക്ഷവും എറണാകുളം - ഷൊർണൂർ പാതയിലൂടെയാണ് കടന്നുപോകുന്നത്.
120 ശതമാനമാണ് നിലവിൽ ഈ പാതയിലെ ട്രാക്ക് ഒക്യുപൻസി ഡിപിആർ സമർപ്പിച്ചു കഴിഞ്ഞാൽ ഒരു വർഷത്തിനകം റയിൽവേ ബോർഡ് അനുമതി നൽകുമെന്നാണ് പ്രതീക്ഷ. ഡിപിആർ അംഗീകരിച്ചു കഴിഞ്ഞാൽ ഒരു വർഷത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത രണ്ടു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2027 അവസാനത്തോടെ മൂന്നാം ട്രാക്ക് എങ്കിലും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ട്രാക്കിലെ വളവുകൾ നിവർത്താനും പദ്ധതിയുണ്ട്. ഇതോടെ ട്രെയിനുകളുടെ വേഗം വർധിപ്പിക്കാൻ കഴിയും. ഇതിനായുള്ള ഡിപിആർ ഡിസംബർ അവസാനത്തോടെ തയാറാകും.
നിലവിലുള്ള ട്രാക്കിലെ വളവുകൾ നിവർത്തണമോ അതോ പുതുതായി നിർമിക്കുന്ന ട്രാക്കുകൾ ഇത്തരത്തിൽ നിർമ്മിച്ചാൽ മതിയോ എന്നുള്ള കാര്യവും റെയിൽവേ ബോർഡ് പരിശോധിക്കും. പുതിയ ട്രാക്കുകൾ എക്സ്പ്രസ് ട്രെയിനുകൾക്ക് മാത്രമായി പരിമിതപ്പെടുത്തണമോ എന്നതും പരിശോധിക്കുന്നുണ്ട്.
അങ്ങനെ വന്നാൽ നിലവിലെ ട്രാക്കുകളിലൂടെ ഇന്‍റർ ഡിസ്ട്രിക്റ്റ് പാസഞ്ചറുകൾക്കും മെമു ട്രയിനുകൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയും. ഷൊർണൂർ - കോയമ്പത്തൂർ സ്ട്രെച്ചിലെ മൂന്നും നാലും ട്രക്കുകൾ സംബന്ധിച്ച സർവേയും ആരംഭിച്ചിട്ടുണ്ട്.