മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; കൊല്ലത്ത് ഗോഡൗൺ പൂർണമായും കത്തി നശിച്ചു

ഫയർ ഫോഴ്സിൻ്റെ 10 യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; കൊല്ലത്ത് ഗോഡൗൺ പൂർണമായും കത്തി നശിച്ചു

കൊല്ലം: കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.

ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തീപിടിത്തം നടക്കുന്ന സമയം ഗോഡൗണിൽ ജീവനക്കാരുണ്ടായിരുന്നില്ല. പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.

പ്രദേശത്ത് വൈദ്യുതി ഇല്ലാത്തത് തീ അണയ്ക്കുന്നതിന് വെല്ലുവിളിയാണ്. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനാണ് അഗ്നിശമനസേന ശ്രമിക്കുന്നത്. ഗോഡൗണിൽ സ്പിരിറ്റ്, സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇടയ്ക്ക് പൊട്ടിത്തെറിയുണ്ടാകുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തുന്നു.

ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണെന്നാണ് പ്രാഥമിക വിവരം. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉൾപ്പെടെ കത്തിനശിച്ചിട്ടുണ്ട്. 15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com