കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്ത് മരിച്ച ആളുടെ പേരിലും ധന സഹായം തട്ടിയെടുത്തതായി സംശയം. അപേക്ഷകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡോക്‌ടറുടെയും ഇടനിലക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. കൂടാതെ അപേക്ഷകന്‍റെ വീടിലും ഇന്ന് പരിശോധന നടത്തും.
ഇന്നലെ കൊല്ലത്തു നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരിൽ തട്ടിപ്പു നടന്നതായി സംശയം ഉയർന്നത്. അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അയാൾ നേരത്തെ മരിച്ചു പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞതോടെയാണ് സംശയം ഉയർന്നത്. അപേക്ഷ നൽകുന്നതിനു മുന്നേ തന്നെ അപേക്ഷകൻ മരിച്ചതായാണ് വിവരം.
കഴിഞ്ഞ രണ്ടു വർഷത്തെ ഫയലുകൾ പരിശോധിക്കാനാണ് വിജിലൻസ് ഡയറക്‌ടറുടെ നിർദ്ദേശം. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. തട്ടിപ്പിനെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങൾ സർക്കാരിനെയും വിജിലൻസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
തട്ടിപ്പ് സംഘടിതമാണെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും വിജിലൻസ് ഡയറക്‌ടർ പ്രതികരിച്ചു. ഇന്നും വ്യാപക പരിശോധന നടക്കുകയാണ്. ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിലാണ് സംസ്ഥാനത്തെ കളക്‌ടറേറ്റുകളിൽ പരിശോധന നടക്കുന്നത്.
സാധാരണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വരുന്ന അപേക്ഷകളിൽ തഹസിൽദാർമാർക്ക് 2000 രൂപ വരെയും ജില്ല കളക്‌ടർമാർക്ക് 10,000 രൂപവരെയും നൽകാൻ അനുവാദമുണ്ട്. അതിൽ കൂടുതലാണെങ്കിൽ ഫയൽ സർക്കാരിന് അയക്കണം. സർക്കാരിൽ നിന്നും 3 ലക്ഷത്തോളം രൂപ വരെയാണ് ഇത്തരത്തിൽ ലഭിക്കുക.