അഭിഭാഷകന് ആരോഗ്യപ്രശ്നം: വിചാരണ കോടതി മുറി മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

മാണി സി. കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചനാ കേസിലാണ് പ്രതി ഭാഗത്തിനു വേണ്ടി രാമന്‍പിളള ഹാജരാകുന്നത്.
HC order to shift trial courtroom due to ill health of senior advocate b raman pillai
അഭിഭാഷകന് ആരോഗ്യപ്രശ്നം: വിചാരണ കോടതി മുറി മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്Symbolic Image
Updated on

കൊച്ചി: അഭിഭാഷകന്‍റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കുറ്റവിചാരണയ്ക്കുളള കോടതി മുറി തന്നെ മാറ്റാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിളളയ്ക്കു വേണ്ടിയാണ് പ്രത്യേക സൗകര്യം ചെയ്തു കൊടുക്കാനുളള ഹൈക്കോടതി നിര്‍ദേശം. മാണി സി. കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചനാ കേസിലാണ് പ്രതി ഭാഗത്തിനു വേണ്ടി രാമന്‍പിളള ഹാജരാകുന്നത്. മാണി സി. കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചനാ കേസില്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകനാണ് ബി. രാമന്‍പിളള.

കൊച്ചി ജില്ലാ കോടതി കോംപ്ലക്സിന്‍റെ ഒന്നാം നിലയിലുളള ജനപ്രതിനിധികള്‍ക്കായുളള പ്രത്യേക കോടതിയിലാണ് കേസ്. ഈ മാസം ആറിനാണ് കേസിലെ പ്രധാനപ്പെട്ടൊരു സാക്ഷിയുടെ വിചാരണ. ഒന്നാം നിലയിലുളള കോടതിയിലേക്ക് നടന്നു കയറാന്‍ തന്‍റെ അഭിഭാഷകനായ രാമന്‍പിളളയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നും വക്കീലിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വിചാരണ സൗകര്യപ്രദമായ മറ്റൊരു കോടതി മുറിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മാണി സി കാപ്പന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍, കേസ് നടപടികള്‍ വൈകിപ്പിക്കാനാണ് കാപ്പന്‍റെ നീക്കമെന്നും ആവശ്യം അംഗീകരിക്കരുതെന്നും എതിര്‍ഭാഗവും വാദിച്ചു. ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകാനുളള സാധ്യത പ്രയോജനപ്പെടുത്തണമെന്ന വാദവും ഉയര്‍ന്നു. എന്നാല്‍, ഈ വാദങ്ങള്‍ തളളിക്കളഞ്ഞു കൊണ്ടാണ് ജസ്റ്റിസ് സി. ജയചന്ദ്രന്‍റെ ഉത്തരവ് വന്നത്.

സാക്ഷിയെ നേരിട്ട് വിചാരണ ചെയ്താല്‍ കേസിന് ഗുണം ചെയ്യുമെന്ന കാപ്പന്‍റെ വാദം അംഗീകരിച്ചു കൊണ്ടാണ് രാമന്‍പിളളയ്ക്കു കൂടി സൗകര്യ പ്രദമായ മറ്റൊരു കോടതി മുറിയിലേക്ക് വിചാരണ മാറ്റാനുളള ഉത്തരവ്. ഒന്നാം സാക്ഷിയെ വിസ്തരിക്കാന്‍ ഒരു ദിവസത്തേക്ക് മാത്രമാണ് ഈ കോടതി മാറ്റമെന്നും ഉത്തരവിലുണ്ട്. കേസിന്‍റെ ബാക്കി വിചാരണ സ്ഥിരം കോടതി മുറിയിലായിരിക്കുമെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ആറിനാവും താല്‍ക്കാലിക കോടതി മുറിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമുളള പ്രത്യേക വിചാരണ നടക്കുക.

Trending

No stories found.

Latest News

No stories found.