
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ രണ്ടു ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. തെക്കൻ- മധ്യ കേരളത്തിലെ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ലഘു മേഘവിസ്ഫോടനത്തിനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വളരെ കുറച്ച് സമയംകൊണ്ട് 10 സെന്‍റീ മീറ്റർ വരെ മഴ പെയ്യുന്ന കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് പ്രവചനം.
മലയോര മേഖലകളിലാണ് ലഘു മേഘ വിസ്ഫോടനങ്ങൾക്കുള്ള കൂടുതൽ സാധ്യത പ്രവചിക്കുന്നത്. ഈ മോഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.